കൊച്ചി : പി ഡി പി ചെയര്മാന് അബ്ദുനാസര്‍ മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മർദക്കുറവ്, ഹൃദയമിടിപ്പ് കൂടുതൽ, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകൾ എന്നിവയെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് മദനിയെ അഡ്മിറ്റ് ചെയ്തത്.ആശുപത്രിയില്‍ പ്രവേശിച്ച മദനിക്ക് എക്കോ, ഇ സി ജി, എക്സ്റേ, ഡോപ്ലര്‍ സ്കാൻ പരിശോധനകള്‍ നടത്തി. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. പി എച്ച് മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘമാണ് മദനിയെ വിശദമായ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മദനി വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു അദ്ദേഹം.

