പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്
ആരുമില്ലാത്ത അയൽപക്കത്തെ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിലായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം . കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
പോലീസ് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ കുറിച്ച് അറിഞ്ഞതെന്ന് യുവതിയുടെ മുത്തശ്ശി പറഞ്ഞു. പെൺകുട്ടി ഇന്ന് രാവിലെ അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ പോയതാണെന്നും മറ്റ് വിവരങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും മുത്തശ്ശി പറഞ്ഞു. പെൺകുട്ടി ഗർഭിണിയാണെന്ന് തങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ലെന്നാണ് പ്രദേശത്തെ ആശാ പ്രവർത്തകയും പറയുന്നത് .
ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആശുപത്രിയിൽ ചികിത്സയിൽ യുവതിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷമേ ഇക്കാര്യങ്ങൾ വ്യക്തമാകൂ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

