പത്തനംതിട്ട : പതിമൂന്നാം വയസ്സുമുതൽ നേരിട്ടത് കൊടും പീഡനം. അഞ്ചുവർഷത്തിനിടെ പീഡിപ്പിച്ചത് 64 പേർ. 18കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ
40 പേർക്കെതിരെ പോക്സോ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ശിശുക്ഷേമ സമിതിക്ക് മുൻപാകെ കുട്ടിയുടെ വെളിപ്പെടുത്തലിലാണ് സംഭവം പുറത്തുവന്നത് . ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട് .
കായിക താരമായ പെൺകുട്ടിയെ , പരിശീലകർ ഉൾപ്പടെ മറ്റ് കായിക താരങ്ങളും, സഹപാഠികളും, അയൽവാസികളും, ചേർന്നാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
2019 ൽ പെൺകുട്ടിക്ക് 13 വയസ്സായിരുന്നു . അവിടുന്നാണ് ക്രൂരതയുടെ തുടക്കം. ആദ്യം പെൺകുട്ടിയുടെ ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സഹപാഠികൾക്ക് കൈ മാറുകയും ആയിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. കൂടാതെ മറ്റൊരു പീഡനക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട് .
ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള കൗൺസിലിംഗ് ക്ലാസിനിടയുണ്ടായ കുട്ടിയുടെ തുറന്ന് പറച്ചിലിലാണ് കൊടും ക്രൂരതയുടെ കെട്ടഴിയുന്നത്. പിന്നീട് മഹിള സമാഖ്യ സൊസൈറ്റി വഴി ശിശുക്ഷേമ സമിതിയിലേക്ക് പരാതി എത്തുകയും , പീഡനവുമായി ബന്ധപ്പെട്ടുള്ള മറ്റു വിവരങ്ങൾ പെൺകുട്ടിയിൽ നിന്നും ശേഖരിക്കുകയും ആയിരുന്നു.
തുടർന്ന് സൈക്കോളജിസ്റ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്
ശിശുക്ഷേമ സമിതി പോലീസിനോട് കേസെടുക്കാനുള്ള നിർദ്ദേശം നൽകിയത്.
സംഭവം നടക്കുന്ന കാലഘട്ടത്തിൽ കുട്ടിക്ക് ഫോൺ ഇല്ലാതിരുന്നതിനാൽ അച്ഛന്റെ ഫോൺ ആണ് ഉപയോഗിച്ചിരുന്നതെന്നും പീഡിപ്പിച്ചവരിൽ പലരും ഈ ഫോണിലേക്ക് വിളിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. പ്രതികളായ 32 പേരുടെ പേരുകൾ ഫോണിൽ സേവ് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തുകയും ചെയ്തു. കൂടാതെ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പുറത്തു വിടുകയും, ദൃശ്യങ്ങൾ കണ്ട ചിലർ കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും അതുവഴി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും, അതോടൊപ്പം, പത്തനംതിട്ടയിലെ ചുട്ടിപ്പാറ, സ്കൂൾ, പെൺകുട്ടിയുടെ വീട്, കൂടാതെ മറ്റ് പൊതു ഇടങ്ങളിൽ വച്ചു വെച്ചും പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് കുട്ടിയുടെ മൊഴി.
കേസിൽ പത്തനംതിട്ട ജില്ലാ മേധാവിക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കും. ആദ്യഘട്ടത്തിൽ പത്തനംതിട്ട സ്റ്റേഷനിലും, ഒപ്പം മറ്റൊരു സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പെൺകുട്ടിയെ കൊണ്ടുപോയി പീഡനം നടന്ന സ്ഥലത്തെ പരിധിയിൽ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു.