ബോളിവുഡിലെ ഇതിഹാസ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം . നെഞ്ചിലെ അണുബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശാഭോസ്ലയുടെ ആരോഗ്യം വഷളായിരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.മകൻ ആനന്ദ് ഭോസ്ലെയാണ് മരണവിവരം അറിയിച്ചത്.അന്ത്യകർമങ്ങൾ നാളെ നാല് മണിക്ക് നടക്കും.
1940 കളിലാണ് ആശാ ഭോസ്ലെ സംഗീതലോകത്തേയ്ക്ക് എത്തിയത്. . ബിമൽ റോയ്, രാജ് കപൂർ തുടങ്ങിയ ഇതിഹാസ സംവിധായകർക്കൊപ്പം ഒ.പി. നയ്യാർ, സർദാർ മാലിക്, സജ്ജാദ് ഹുസൈൻ, എസ്. മൊഹീന്ദർ, എ.ആർ. റഹ്മാൻ തുടങ്ങിയ ഇതിഹാസ സംഗീതസംവിധായകർക്കൊപ്പം അവർ പ്രവർത്തിച്ചു. മൂത്ത സഹോദരി ലതാ മങ്കേഷ്കർ 1940 കളിലെയും 50 കളിലെയും ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായിരുന്നു. മങ്കേഷ്കർ കുടുംബത്തിൽ നിന്നുള്ള ആശയും സഹോദരിയെപ്പോലെ തന്നെ ശ്രുതിമധുരമായ ശബ്ദത്തിന്റെ ഉടമയായിരുന്നു. 1950 കളിൽ ബോളിവുഡിൽ തന്റെ ശബ്ദത്തിന്റെ മാന്ത്രികത ആശ പകർന്നു നൽകി. സാങ്ദിൽ എന്ന ചിത്രത്തിനായി അവർ ഗാനങ്ങൾ ആലപിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചു.
പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി രാജ്യം ആദരിച്ച ഗായികയാണ് ആശാഭോസ്ലേ. 1981-ലും 1986-ലും ആശാഭോസ്ലയ്ക്ക് മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചിരുന്നു . ഏഴ് ഫിലിംഫെയർ അവാർഡുകളും ലഭിച്ചു. 1996-ൽ, രംഗീല എന്ന ചിത്രത്തിന് ഫിലിംഫെയർ പ്രത്യേക അവാർഡ് ലഭിച്ചു.2001-ൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് , 2002-ൽ ലഗാൻ എന്ന ചിത്രത്തിന് ഐഫ അവാർഡ് ,1987-ൽ നൈറ്റിംഗേൽ ഓഫ് ഏഷ്യ അവാർഡ്, 2000-ൽ (ദുബായ്) സിംഗർ ഓഫ് ദി മില്ലേനിയം, 2002-ൽ ബിബിസി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവയും ആശാഭോസ്ലയ്ക്ക് ലഭിച്ചു.
ആശ ഭോസ്ലയുടെ ആദ്യ വിവാഹം ഗണപത്രാവു ഭോസ്ലെയുമായുള്ളതായിരുന്നു. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി നടന്ന ഈ വിവാഹം അധികനാൾ നീണ്ടുനിന്നില്ല. ഈ വിവാഹത്തിനിടയിൽ അവർ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിച്ചു. പിന്നീടാണ് ആശ ഭോസ്ല ആർ.ഡി. ബർമ്മനെ വിവാഹം കഴിച്ചത്.

