ടെഹ്റാൻ : ഇറാനിൽ വീണ്ടും യുഎസ് ആക്രമണം . തെക്കൻ നഗരമായ കൊഹെസ്റ്റാക്കിലെ വിവാഹവേദിയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത് . സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് വ്യോമാക്രമണത്തിൽ തകർന്ന വിവാഹവീടിന്റെ വീഡിയോ ഇറാനിയൻ റെഡ് ക്രസന്റ് പുറത്തുവിട്ടു.
ചൊവ്വാഴ്ച യുഎസ് സൈന്യം ഇറാനിലെ നിരവധി പ്രദേശങ്ങൾ ആക്രമിച്ചിരുന്നു . ടെഹ്റാൻ മേഖലയിലെ നിരവധി സ്ഥലങ്ങളിൽ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇത് ആറ് മാസത്തിലേറെയായി തുടരുന്ന സംഘർഷത്തെ വീണ്ടും ശക്തമാക്കി . വിവാഹം നടക്കുന്ന വീടിനെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഇറാനിയൻ മാധ്യമമായ എസ്എസ്എൻടിവി അതിന്റെ ടെലിഗ്രാം ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളും യുവാവും മിനാബ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് .
മിഡിൽ ഈസ്റ്റിലെ വാണിജ്യ കപ്പലുകളെയും യുഎസ് സേനയെയും ആക്രമിക്കാനുള്ള ഇറാൻ ശ്രമങ്ങൾക്കുള്ള മറുപടിയായാണ് ഏറ്റവും പുതിയ ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. യുഎസ് സൈന്യം ഇറാനിയൻ റഡാറിനെ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ ഞായറാഴ്ച ഇറാൻ സൈന്യത്തിന്റെ പ്രത്യേക താവളങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടന്നിരുന്നു. ഇനിയും വലിയ ആക്രമണങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂവെന്നാണ് ട്രംപ് പറയുന്നത്.

