ബെംഗളൂരു : കർണാടകയുടെ അഭിമാനവും മുൻനിര ആഡംബര ടൂറിസ്റ്റ് ട്രെയിനുമായ ‘ഗോൾഡൻ ചാരിയറ്റിന്റെ ‘ 2026-27 വർഷത്തേക്കുള്ള പുതിയ ടൂർ പ്രോഗ്രാം നാളെ മുതൽ ആരംഭിക്കും.
പൂർണ്ണമായും പുതിയ രൂപത്തിൽ ട്രാക്കിലേക്ക് തിരിച്ചെത്തുന്ന ട്രെയിനിന് വിനോദസഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. “പ്രൈഡ് ഓഫ് കർണാടക” യാത്രയുടെ ആദ്യ അഞ്ച് രാത്രികളുടെയും ആറ് പകലുകളുടെയും എല്ലാ ടിക്കറ്റുകളും ഇതിനകം പൂർണ്ണമായും വിറ്റുതീർന്നു. ഉദ്ഘാടന യാത്രയിൽ ആകെ 75 ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളാണ് പങ്കാളികളാകുന്നത്.
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം, മൈസൂർ, ബേലൂർ, ഹാലെബിഡു, ചിക്കമഗളൂർ, ഹംപി, ഗോവ എന്നിവിടങ്ങളിലേയ്ക്കാവും സഞ്ചാരികളെ എത്തിക്കുക. ആകെ 60 ജീവനക്കാരാണ് ട്രെയിനിലുള്ളത്. 2026-27 ടൂറിസ്റ്റ് സീസണിനായി ആകെ 13 ടൂറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ‘പ്രൈഡ് ഓഫ് കർണാടക’ എന്ന പേരിൽ ഏഴ് ടൂറുകളും, ‘ഗ്ലിംപ്സസ് ഓഫ് കർണാടക’ എന്ന പേരിൽ മൂന്ന് ടൂറുകളും, ‘ജ്യൂവൽസ് ഓഫ് സൗത്ത്’ എന്ന പേരിൽ മൂന്ന് ടൂറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കർണാടകയിലെ പ്രധാന ആഡംബര ടൂറിസം മാതൃകയായി ഗോൾഡൻ ചാരിയറ്റ് ട്രെയിൻ വികസിപ്പിക്കാനാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദ്ദേശം നൽകിയിരിക്കുന്നത് . മെയ് മുതൽ ഓഗസ്റ്റ് വരെ മൈസൂർ വർക്ക്ഷോപ്പിൽ ട്രെയിനിന്റെ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണിത് പുറത്തിറക്കിയിരിക്കുന്നത് . ട്രെയിനിന്റെ പുറംഭാഗം നവീകരിച്ചു, ഉൾഭാഗത്തെ അടുക്കളയും ആധുനികവൽക്കരിച്ചു.

