ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിടിപിയുടെ ചാവേർ ആക്രമണം . വടക്കൻ വസീറിസ്ഥാനിലെ മിർ അലിയിലുള്ള സൈനിക ക്യാമ്പിൽ ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .നിലവിൽ ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുന്നുണ്ട്. താലിബാനെ ആക്രമിക്കാൻ പാക് സൈന്യം ഹെലികോപ്റ്ററിലും എത്തുന്നുണ്ട്.
ഖാരി ജുൻഡുള്ള എന്ന ചാവേർ ബോംബറാണ് സൈനിക ക്യാമ്പിന്റെ മതിൽ ഇടിച്ച് തകർത്ത് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ക്യാമ്പിലേയ്ക്ക് ഇടിച്ചുകയറ്റിയത് . സ്ഫോടനത്തിന് ശേഷം, നിരവധി ചാവേർ ബോംബർമാർ സൈനിക താവളത്തിലേക്ക് ഇരച്ചുകയറി. നിരവധി സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ .
ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. ഖാലിദ് ബിൻ വലീദ് ഫിദായീൻ യൂണിറ്റും തെഹ്രീക് താലിബാൻ ഗുൽ ബഹാദൂറും ഈ ആസൂത്രിത ആക്രമണത്തിൽ പങ്കെടുത്തതായും ടിടിപി അവകാശപ്പെട്ടു.
വടക്കൻ വസീറിസ്ഥാൻ ഉൾപ്പെടെ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നിരവധി പ്രദേശങ്ങളിലെ ടിടിപി ആസ്ഥാനങ്ങളിൽ പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ടിടിപിയുടെ ആക്രമണം. ഡസൻ കണക്കിന് ടിടിപി ആക്രമണകാരികളും നിരവധി നിരപരാധികളായ സാധാരണക്കാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, തുടർച്ചയായ ടിടിപി ആക്രമണങ്ങളിൽ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാൻ . വടക്കൻ വസീറിസ്ഥാനിലെ ആക്രമണത്തെത്തുടർന്ന്, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ഉന്നതതല ദേശീയ സുരക്ഷാ യോഗം നടക്കുന്നുണ്ട് . യോഗത്തിൽ സൈനിക നേതൃത്വവും ഫെഡറൽ മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളും പങ്കെടുക്കുന്നു. പാകിസ്ഥാനും അഫ്ഗാൻ താലിബാനും തമ്മിലുള്ള സംഘർഷം, വെടിനിർത്തൽ, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നുണ്ട് പാകിസ്ഥാനും താലിബാൻ സർക്കാരും തമ്മിലുള്ള വെടിനിർത്തൽ ഇന്ന് വൈകുന്നേരം 6:30 ന് അവസാനിക്കും.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഖൈബർ പഖ്തൂൺഖ്വയിലെ നോർത്ത് വസീറിസ്ഥാൻ, സൗത്ത് വസീറിസ്ഥാൻ, ബന്നു ജില്ലകളിലായി നടന്ന നിരവധി സൈനിക നടപടികളിൽ 34 പേർ കൊല്ലപ്പെട്ടു.

