വാഷിംഗ്ടൺ : യുക്രെയ്നിൽ നടക്കുന്ന യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ “വളരെ ഗുരുതരമായ” പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് റഷ്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ . ബുധനാഴ്ച കെന്നഡി സെന്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രമ്പ് . യുദ്ധം നിർത്താൻ റഷ്യ സമ്മതിച്ചില്ലെങ്കിൽ അതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ട്രമ്പ് പറഞ്ഞു.
വെള്ളിയാഴ്ചത്തെ നിങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷവും വ്ളാഡിമിർ പുടിൻ യുദ്ധം നിർത്താൻ സമ്മതിച്ചില്ലായെങ്കിൽ റഷ്യയ്ക്ക് എന്തെങ്കിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമോ എന്ന ചോദ്യത്തിന് ‘ അതെ, റഷ്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. അനന്തരഫലങ്ങളിൽ താരിഫുകളും ഉപരോധങ്ങളും ഉൾപ്പെടും . അനന്തരഫലങ്ങൾ വളരെ ഗുരുതരമാകുമെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതില്ലല്ലോ ‘ എന്നായിരുന്നു ട്രമ്പിന്റെ മറുപടി.
ഓഗസ്റ്റ് 15 ന് അലാസ്കയിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ട്രമ്പിന്റെ കൂടിക്കാഴ്ച . ഇത് കഴിഞ്ഞ് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയെ ഉൾപ്പെടുത്തി രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കും താൻ ലോബി ചെയ്യുമെന്നും ട്രമ്പ് പറഞ്ഞു. “ആദ്യ കൂടിക്കാഴ്ച നന്നായി നടന്നാൽ, ഞങ്ങൾക്ക് ഉടൻ തന്നെ രണ്ടാമത്തെ കൂടിക്കാഴ്ച ഉണ്ടാകും. ഞാൻ അത് ഉടൻ നടത്താൻ ആഗ്രഹിക്കുന്നു, അവർ എന്നെ അവിടെ വിളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രസിഡന്റ് പുടിനും പ്രസിഡന്റ് സെലെൻസ്കിയും ഞാനും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ച ഉടൻ നടക്കും” ട്രംപ് പറഞ്ഞു.
യൂറോപ്യൻ നേതാക്കളുമായുള്ള ആദ്യ വെർച്വൽ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രമ്പിന്റെ പ്രസ്താവന . റഷ്യയും യുക്രെയ്നും തമ്മിലുള്ള വെടിനിർത്തലിന് ട്രംപ് മുൻഗണന നൽകുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞു. അതേസമയം, പുടിൻ “പൊട്ടൻകളി” നടത്തുകയാണെന്നും യുക്രെയ്ൻ മുഴുവൻ പിടിച്ചെടുക്കാൻ റഷ്യയ്ക്ക് കഴിയുമെന്ന് തോന്നിപ്പിക്കുന്നതിന് യുക്രെയ്നിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണെന്നും സെലെൻസ്കി പറഞ്ഞു.

