വാഷിംഗ്ടൺ : പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ ഇടപെടാൻ വിസമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . പകരം പാകിസ്ഥാനോടുള്ള വ്യക്തമായ നയതന്ത്ര ചായ്വ് സൂചിപ്പിച്ച ട്രമ്പ് പ്രസ്താവനകളിലൂടെ പാകിസ്ഥാൻ നേതൃത്വത്തെ പരസ്യമായി പ്രശംസിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പാകിസ്ഥാന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ചായിരുന്നു ട്രമ്പിന്റെ മറുപടി. ‘ ഞാൻ ഇടപെടാം , പക്ഷേ നിങ്ങൾക്ക് ഒരു മികച്ച പ്രധാനമന്ത്രിയുണ്ട്, നിങ്ങൾക്ക് അവിടെ ഒരു മികച്ച ജനറലുണ്ട്, നിങ്ങൾക്ക് ഒരു മികച്ച നേതാവുണ്ട്. ഞാൻ വളരെയധികം ബഹുമാനിക്കുന്ന രണ്ട് ആളുകളാണ് ഇതെന്ന് ഞാൻ കരുതുന്നു. പാകിസ്ഥാൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു ‘ എന്നാണ് ട്രമ്പ് പറഞ്ഞത്.
അതിർത്തിക്കപ്പുറത്തുള്ള 29 സ്ഥലങ്ങളിൽ തങ്ങളുടെ സൈന്യം വ്യോമാക്രമണം നടത്തിയതായി അവകാശപ്പെട്ട് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനുമായി യുദ്ധാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രമ്പിന്റെ പരാമർശം.
ഓപ്പറേഷനിൽ 297 അഫ്ഗാൻ താലിബാൻ പോരാളികളും തീവ്രവാദികളും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സർക്കാർ വക്താവ് പറഞ്ഞിരുന്നു . മറുപടിയായി, അഫ്ഗാൻ സൈന്യം 55 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തുകയും മറ്റ് നിരവധി പേരെ പിടികൂടുകയും ചെയ്തതായി താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
2021 ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സൈനിക നടപടിയാണ് ഈ ആക്രമണങ്ങൾ. അതേസമയം താലിബാൻ ആക്രമണങ്ങൾക്കെതിരെ പാകിസ്ഥാന്റെ “സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ” വാഷിംഗ്ടൺ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് പറഞ്ഞു.
സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ ട്രംപിന്റെ പങ്കിനെ പാകിസ്ഥാൻ ഇടയ്ക്കിടെ പ്രശംസിക്കുകയും സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹം അർഹമാണെന്ന് പരസ്യമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

