കെർവില്ലെ: ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം .രാത്രിയിൽ പെയ്ത കനത്ത മഴയിൽ വീടുകളിലൂടെയും ക്യാമ്പ്സൈറ്റുകളിലൂടെയും കമ്മ്യൂണിറ്റികളിലൂടെയും ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകി.കെർ കൗണ്ടിയിലെ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള 25 ലധികം പെൺകുട്ടികളെ കാണാതായി.
ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നൂറുകണക്കിന് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ അടിയന്തര സേവനങ്ങൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 230-ലധികം പേരെ രക്ഷപ്പെടുത്തി . 167 പേരെ വ്യോമമാർഗമാണ് രക്ഷപ്പെടുത്തിയത്.
പ്രദേശത്ത് പ്രളയമുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി. 45 മിനിട്ട് കൊണ്ട് ഗ്വാഡുലുപ് നദിയിലെ ജലനിരപ്പ് 26 അടിയായി ഉയർന്നുവെന്ന് ടെക്സാസ് ലഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. ടെക്സസിന്റെ പടിഞ്ഞാറും, മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

