ന്യൂഡൽഹി : ഇന്ത്യയും താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ദുബായിൽ ഇന്ത്യൻ വിദേശകാര്യ സ്ക്രട്ടറി വിക്രം മിശ്രിയും , അഫ്ഗാൻ ആക്ടിംഗ് വിദേശകാര്യമന്ത്രി അമീൻ ഖാൻ മുത്താഖിയും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടന്നിരുന്നു.താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ച്ചയാണിത് .
ഉഭയകക്ഷി ബന്ധം മുതൽ പ്രാദേശിക വികസനം വരെയുള്ള വിവിധ വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിൽ ചർച്ചകൾ നടന്നു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ ചർച്ചയിൽ, അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ, സമീപഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന പദ്ധതികൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത, പാകിസ്ഥാനിൽ നിന്നുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിനുള്ള സഹായം എന്നിവ ചർച്ച ചെയ്തതായി പറയുന്നു.
ചർച്ച ചെയ്യപ്പെട്ട മറ്റ് രണ്ട് പ്രധാന വിഷയങ്ങൾ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപയോഗവും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരവുമായിരുന്നു.ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ അഫ്ഗാൻ സർക്കാർ കണക്കിലെടുത്തതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകളെ അഫ്ഗാൻ മണ്ണിൽ വളരാൻ അനുവദിക്കരുത് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആവശ്യം . ഇന്ത്യയ്ക്കെതിരെ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകിയിട്ടുണ്ട് . ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്ത മാനുഷിക സഹായ പദ്ധതികളെയും താലിബാൻ പ്രശംസിച്ചു.
50,000 മെട്രിക് ടൺ ഗോതമ്പ്, 300 ടൺ മരുന്ന്, 27 ടൺ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റർ കീടനാശിനികൾ, 10 കോടി ഡോസ് പോളിയോ മരുന്നുകൾ എന്നിവ ഇന്ത്യ അഫ്ഗാനിലേയ്ക്ക് അയച്ചിരുന്നു.നിരവധി പേർ കൊല്ലപ്പെട്ട പാകിസ്ഥാൻ വ്യോമാക്രമണത്തെ ഇന്ത്യ അപലപിച്ച സമയത്താണ് ഈ കൂടിക്കാഴ്ച നടന്നത്. ആഭ്യന്തര പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്ന പതിവ് പാകിസ്ഥാനുണ്ടെന്ന് ഇന്ത്യ അടുത്തിടെ പറഞ്ഞിരുന്നു.