ജറുസലേം: കിഴക്കൻ ജറുസലേമിൽ ബസിനു നേരെയുണ്ടായ വെടിവയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണന്ന് അധികൃതർ അറിയിച്ചു. റാമോട്ട് എന്ന പ്രദേശത്താണ് ആക്രമണം നടന്നത്. ആയുധധാരികളായ രണ്ട് അക്രമികൾ ബസിൽ കയറി വെടിയുതിർത്തതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സുരക്ഷാ സേന പ്രദേശം വളഞ്ഞ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കിഴക്കൻ ജറുസലേമിലെ ജനവാസ മേഖലകളിലേക്കുള്ള റോഡും വടക്കൻ ജറുസലേമിലേക്കുള്ള പ്രവേശന കവാടവും കൂടിച്ചേരുന്ന പ്രധാന കവലയിലാണ് വെടിവയ്പ്പ് നടന്നത്. ആക്രമണം നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന നിരവധി ആളുകൾ ചിതറിയോടുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. നഗരത്തിലെ തിരക്കേറിയ കവലയിലായിരുന്നു ആക്രമണം.
വെടിവയ്പ്പ് ആരംഭിച്ച ഉടനെ രണ്ട് അക്രമികളെ കീഴ്പ്പെടുത്തിയതായി പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. പലസ്തീൻ ഭീകര സംഘടനയായ ഹമാസിനോട് കീഴടങ്ങാനും ആയുധങ്ങൾ ഉപേക്ഷിക്കാനും ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.

