വാഷിംഗ്ടൺ : എണ്ണക്കപ്പൽ പിടിച്ചെടുത്ത അമേരിക്കയ്ക്കെതിരെ രൂക്ഷവിമർശനവുമായി റഷ്യ . അമേരിക്കയുടെ നടപടിയെ കടൽക്കൊള്ളയാണെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. യുഎസ് നാവികസേന ഓപ്പറേഷൻ നടത്തിയ സ്ഥലത്ത് അന്തർവാഹിനി ഉൾപ്പെടെയുള്ള റഷ്യൻ യുദ്ധക്കപ്പലുകൾ ഉണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ യുഎസ് നാവികസേന അതിൽ കയറിയതിനുശേഷം ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് റഷ്യൻ ഗതാഗത മന്ത്രാലയം പറയുന്നത്.
മാരിനേര ടാങ്കറിൽ യുഎസ് സൈന്യം കയറുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ടാസ് റിപ്പോർട്ട് ചെയ്തു. ടാങ്കറിലെ ജീവനക്കാരിലെ റഷ്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ പൗരന്മാരോട് മാനുഷികവും മാന്യവുമായ പെരുമാറ്റം ഉറപ്പാക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
“1982 ലെ യുഎൻ മാരിടൈം നിയമമനുസരിച്ച്, മറ്റൊരു രാജ്യത്തിന്റെ അധികാരപരിധിയിലുള്ള, കൃത്യമായി രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല . യുഎസ് ടാങ്കർ പിടിച്ചെടുത്തത് നഗ്നമായ കടൽക്കൊള്ളയാണ്. ഞങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി മടക്കി അയക്കണം “ – റഷ്യൻ ഗതാഗത മന്ത്രാലയം പറഞ്ഞു.
അതേസമയം യുഎസ് ഓപ്പറേഷനെ പിന്തുണച്ച് ബ്രിട്ടൻ രംഗത്തെത്തി . അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നാണ് ബ്രിട്ടന്റെ നിലപാട്. വടക്കൻ അറ്റ്ലാന്റിക്, കരീബിയൻ കടലുകളിൽ തുടർച്ചയായി നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് വെനിസ്വേലയുമായി ബന്ധമുള്ള എണ്ണ ടാങ്കറുകൾ അമേരിക്ക പിടിച്ചെടുത്തത്. 2024ൽ യുഎസ് അനുമതി നൽകിയ ബെല്ല 1 എന്നറിയപ്പെട്ടിരുന്ന എണ്ണക്കപ്പലാണ് പിന്നീട് പേരുമാറ്റി മാരിനേരയായത്. ഇറാനിൽ നിന്ന് വെനസ്വേലയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്.

