വാഷിംഗ്ടൺ : രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള സമ്പദ്വ്യവസ്ഥയിൽ വലിയ കോളിളക്കം സൃഷ്ടിച്ച് വരികയാണ് . ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യം നൽകിയ ട്രംപിന്റെ നീക്കങ്ങൾ ഇപ്പോൾ പ്രതികൂല ഫലങ്ങൾ കാണിക്കുന്നു.
ട്രമ്പിന്റെ വീണ്ടു വിചാരമില്ലാത്ത താരിഫ് നയങ്ങൾ അമേരിക്കയെ പിന്നോട്ട് കൊണ്ടു പോകുമെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ തീരുവ ചുമത്തുന്ന നയം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയെ മാന്ദ്യത്തിന്റെ പിടിയിലേക്ക് തള്ളിവിട്ടവെന്ന വാദത്തിന് അടിവരയിടുകയാണ് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.
തന്റെ നേതൃത്വത്തിൻ കീഴിൽ യുഎസ് സമ്പദ്വ്യവസ്ഥ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമാണെന്ന് പ്രസിഡന്റ് ട്രംപ് പലപ്പോഴും അമേരിക്കക്കാർക്ക് ഉറപ്പുനൽകാറുണ്ട്. എന്നാൽ മൂഡിയുടെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായ മാർക്ക് സാണ്ടി ഇപ്പോൾ അദ്ദേഹത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുകയും യാഥാർത്ഥ്യം മുന്നോട്ട് വയ്ക്കുകയും ചെയ്തിട്ടുണ്ട്.
ജിഡിപി വളർച്ച, വിദേശ നിക്ഷേപത്തിലെ വർദ്ധനവ്, പണപ്പെരുപ്പ നിയന്ത്രണം എന്നിവ തങ്ങളുടെ നേട്ടങ്ങളായി ട്രംപ് ഭരണകൂടം ഉയർത്തിക്കാട്ടുമ്പോൾ, യാഥാർത്ഥ്യം നേരെ വിപരീതമാണെന്ന് മാർക്ക് സാണ്ടി പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ജോലികൾ മുതൽ ഉപഭോക്തൃ വിലകൾ വരെയുള്ള എല്ലാ മേഖലകളിലും അമേരിക്ക നിലവിൽ റെഡ് മാർക്കിലാണ്.
ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിൽ, അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് പ്രകടിപ്പിച്ച ആശങ്കകൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് മാർക്ക് സാണ്ടി പറയുന്നു . 2025 അവസാനത്തോടെ യുഎസ് സമ്പദ്വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കണക്കാക്കുന്നു. നിലവിൽ യുഎസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
2008-ലെ സാമ്പത്തിക പ്രതിസന്ധി കൃത്യമായി പ്രവചിച്ച അതേ സാമ്പത്തിക വിദഗ്ദ്ധനാണ് മാർക്ക് സാണ്ടി . കഴിഞ്ഞ കുറച്ച് മാസങ്ങളായി, ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര, തൊഴിൽ നയങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുകയും ഈ നടപടികൾ അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

