ടെൽ അവീവ്: ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ ഇറാനിയൻ സൈനിക കമാൻഡറും ഖമേനിയുടെ അടുത്ത സഹായിയുമായ അലി ഷദ്മാനിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി .
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) കീഴിലുള്ള ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ കമാൻഡറായ ഗോലം അലി റാഷിദ് കഴിഞ്ഞയാഴ്ച ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്.
വെള്ളിയാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം ഇറാനിൽ 224 പേരും ഇസ്രായേൽ 24 പേരും മരിച്ചതായി സ്ഥിരീകരിച്ചു. അയത്തുള്ള ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ . അയത്തുള്ള അലി ഖമേനി തന്റെ കുടുംബത്തോടൊപ്പം ഭൂഗർഭ ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുകയാണ് . ഖമേനി ടെഹ്റാന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ലാവിസാനിലാണെന്ന് കരുതപ്പെടുന്നു. വെള്ളിയാഴ്ച ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടതിനെത്തുടർന്ന് പിന്മാറി.

