ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കോടതിക്ക് പുറത്ത് സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക് . ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു.
വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായിരിക്കാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് . ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വലിയ സ്ഫോടന ശബ്ദം ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.
കാർ പാർക്ക് ചെയ്യുന്നതിനിടെ സ്ഫോടന ശബ്ദം കേട്ടതായി റുസ്തം മാലിക് എന്ന അഭിഭാഷകൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് അഭിഭാഷകരും ആളുകളും സമുച്ചയത്തിലേക്ക് ഓടുകയായിരുന്നു. ഗേറ്റിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നതും നിരവധി കാറുകൾക്ക് തീപിടിക്കുന്നതും കണ്ടുവെന്ന് മാലിക് പറഞ്ഞു.പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

