ടെഹ്റാൻ: സൈനിക സംഘർഷം വീണ്ടും ഉണ്ടായാൽ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളമുള്ള അമേരിക്കൻ യുദ്ധക്കപ്പലുകളെ ഇറാനിയൻ സേന ലക്ഷ്യമിടുമെന്ന് താക്കീത് . ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവികസേനയിലെ രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി അലി മുഹമ്മദിയാണ് ഈ മുന്നറിയിപ്പ് നൽകിയത്.
പേർഷ്യൻ ഗൾഫിന്റെ അതിർത്തികൾക്ക് അപ്പുറം പ്രവർത്തിക്കുന്ന അമേരിക്കൻ ഡിസ്ട്രോയറുകൾക്കും മറ്റ് കപ്പലുകൾക്കുമെതിരെ നേരിട്ടുള്ള ആക്രമണം നടത്താൻ ഇറാൻ നാവികസേന മടിക്കില്ലെന്ന് ഇറാനിലെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തു.
മേഖലയിലെ സമുദ്രമേധാവിത്വത്തെക്കുറിച്ചുള്ള യുഎസ് അവകാശവാദങ്ങളെ വെല്ലുവിളിച്ച് കൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് അടുത്ത് നാവിക സേനാ വിന്യാസം നടത്താനും മുഹമ്മദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വെല്ലുവിളിച്ചു.
“ഹോർമുസ് കടലിടുക്ക് തന്റേതാണെന്ന് ട്രംപ് കരുതുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കപ്പലുകൾ ഇവിടെയില്ലാത്തത്? പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ എല്ലാ സമുദ്രഗതാഗതവും ഐആർജിസിയുടെ സജീവ നിരീക്ഷണത്തിലാണ് . പോരാട്ടം വീണ്ടും ആരംഭിച്ചാൽ ലക്ഷ്യമിടുന്ന കപ്പലുകളെ ആക്രമിക്കാനുള്ള പ്രവർത്തന ശേഷി ഇറാനിയൻ സേനയ്ക്കുണ്ടെന്നും “ മുഹമ്മദി പറഞ്ഞു.
സമുദ്രമേഖലയിലെ യുദ്ധസാധ്യതയെക്കുറിച്ച് മുതിർന്ന ഇറാനിയൻ സൈനിക നേതൃത്വം നൽകിയ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ഐആർജിസി നാവികസേനാ ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനകളും വരുന്നത്. പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മൊജ്തബ ഖമേനിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവായ മേജർ ജനറൽ യഹ്യ റഹീം സഫവി, ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളമുള്ള യുഎസ് നാവിക സേനാ വിന്യാസത്തെ റഡാർ സംവിധാനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കൂടാതെ, ഇറാൻ തങ്ങളുടെ ഇലക്ട്രോണിക് യുദ്ധശേഷിയും വ്യോമ പ്രതിരോധ സംവിധാനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഇറാനിയൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കിയിരുന്നു.

