ടെഹ്റാൻ : യുഎസുമായുള്ള യുദ്ധത്തിൽ ഇറാൻ കീഴടങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ . സംഘർഷം അവസാനിപ്പിക്കാനുള്ള ഏക മാർഗ്ഗം നയതന്ത്ര ചർച്ചകളാണെന്നും യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള ഇറാന്റെ അവകാശത്തെ ന്യായീകരിച്ച പെസെഷ്കിയൻ, തങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ ഉപേക്ഷിക്കാനുള്ള സമ്മർദ്ദത്തെ തള്ളിക്കളയുകയും ചെയ്തു.
യുദ്ധത്തെ ന്യായീകരിക്കാനും, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണ്ണമായും നശിപ്പിക്കാനും യുഎസിന് കഴിയുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പെസെഷ്കിയൻ സ്വന്തം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്കുള്ള അവകാശമായി തങ്ങൾ കരുതുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് പെസെഷ്കിയൻ പറഞ്ഞു. “ഞങ്ങൾ തലകുനിക്കില്ല, ഞങ്ങളുടെ ജന്മാവകാശമായ കാര്യങ്ങൾ ഉപേക്ഷിക്കുകയുമില്ല. ആണവായുധങ്ങൾ വേണ്ട, സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്ക് നിയന്ത്രണങ്ങളും പാടില്ല “ .
‘ സ്വയം പ്രതിരോധിക്കാൻ ഇറാൻ ആരുടെയും അനുമതി തേടില്ല. ആണവ ബോംബുകൾ ഇസ്രായേൽ ഭരണകൂടത്തിന്റെ കൈവശമാണ്, എന്നാൽ പരിശോധകർ ഇറാനിലേക്ക് വരണമെന്നാണ് ആവശ്യപ്പെടുന്നത് . ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതത്തിനുള്ള അവകാശം ഞങ്ങൾക്ക് നിഷേധിക്കപ്പെടുമ്പോൾ, മറ്റെല്ലാവരും അതിൽ നിന്ന് നേട്ടമുണ്ടാക്കുന്നു അത് അംഗീകരിക്കാനാവില്ല. ശത്രുതാപരമായ നാവികസേനകളെ സ്ഥിരമായി വിന്യസിക്കുന്നതും യുദ്ധം വ്യാപിപ്പിക്കുന്നതും സമാധാനത്തിലേക്ക് നയിക്കില്ല ‘ എന്നും പെസെഷ്കിയൻ പറഞ്ഞു.
അതേസമയം പെസെഷ്കിയന്റെ പ്രസംഗത്തിനിടെ യുഎസ് പ്രതിനിധി സംഘം യുഎൻ പൊതുസഭാ ഹാളിൽ നിന്ന് ഇറങ്ങിപ്പോയതും ചർച്ചയായിട്ടുണ്ട് .

