ന്യൂഡൽഹി : ഇറാനും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ, ഇസ്രായേൽ മിസൈലുകൾ വർഷിച്ചതിനാൽ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യക്കായി തങ്ങളുടെ വ്യോമാതിർത്തി ഇറാൻ തുറന്നു നൽകി . വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായാണ് വ്യോമാതിർത്തി തുറന്നു നൽകിയത് . ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി, ഇറാൻ ഇന്ത്യയിലേക്ക് നൽകിയ ഇളവ് കാരണം ഇന്ത്യൻ സർക്കാരിന് ഏകദേശം 1,000 ഇന്ത്യക്കാരെ വിമാനങ്ങൾ വഴി സുരക്ഷിതമായി തിരിച്ചെത്തിക്കാനാകും.
ഇറാനിലെ മഷാദിൽ നിന്ന് മഹാൻ എയർ പ്രത്യേക ചാർട്ടർ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്, ആദ്യ വിമാനം ഇന്നലെ രാത്രി ഡൽഹിയിൽ എത്തി . വടക്കൻ ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യ വിജയകരമായി ഒഴിപ്പിച്ചതിനു പിന്നാലെയാണിത് . ഇരു രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിൽ അവരെ അതിർത്തി കടത്തി അർമേനിയയിലേക്ക് കൊണ്ടുപോയി.
ഇറാനിൽ നിന്നുള്ള ഒഴിപ്പിക്കലിനൊപ്പം, ഇന്ത്യൻ സർക്കാർ ഇസ്രായേലിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ആരംഭിച്ചു. ടെൽ അവീവ് എംബസി സമീപ അതിർത്തികളിലേക്ക് സുരക്ഷിതമായ റോഡ് ഗതാഗതം സാധ്യമാക്കുന്നുണ്ട് . ഒഴിപ്പിക്കപ്പെട്ടവരെ വിമാനമാർഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകും. യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

