ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു . നർസിങ്ഡി ജില്ലയിൽ 23 കാരനായ ഹിന്ദു യുവാവിനെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി.
ചഞ്ചൽ ചന്ദ്ര ഭൗമിക് എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത് . തന്റെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ (ഗാരേജിൽ) ഉറങ്ങിക്കിടന്ന ചഞ്ചലിനെ മതമൗലികവാദികൾ ആക്രമിക്കുകയായിരുന്നു . മുൻ കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പോലീസ് പറയുന്നത് . സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. നർസിംഗ്ഡി പട്ടണത്തിലെ പോലീസ് ലൈൻസ് ഏരിയയിലെ ‘ഖനാബാദി മസ്ജിദ് മാർക്കറ്റിൽ’ സ്ഥിതി ചെയ്യുന്ന വർക്ക്ഷോപ്പിലാണ് സംഭവം നടന്നത്.
കുമില്ല ജില്ലയിലെ ബറുഡ ഉപജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിലെ താമസക്കാരനായിരുന്നു ചഞ്ചൽ . വർക്ക്ഷോപ്പിൽ മെക്കാനിക്കായിരുന്ന ചഞ്ചൽ രാത്രിയിൽ ജോലി പൂർത്തിയാക്കിയ ശേഷം, ക്ഷീണം കാരണം വർക്ക്ഷോപ്പിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
ഷട്ടറിനടിയിൽ നിന്ന് അജ്ഞാതർ തീയിടുകയായിരുന്നു . പെട്രോൾ, ഓയിൽ, മറ്റ് കത്തുന്ന വസ്തുക്കൾ എന്നിവ വർക്ക്ഷോപ്പിൽ ഉണ്ടായിരുന്നതിനാൽ തീ വേഗത്തിൽ പടർന്നു. രക്ഷപ്പെടാനാകാതെ ചഞ്ചൽ ശ്വാസംമുട്ടിയും പൊള്ളലേറ്റും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇതൊരു അപകടമല്ല, മറിച്ച് ആസൂത്രിതമായ കൊലപാതകമാണെന്ന് കുടുംബവും നാട്ടുകാരും പറയുന്നുണ്ട് .
സംഭവസ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ഷട്ടറിന് തീയിടുന്നത് കാണാം. “കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട് “ നർസിംഗ്ഡി സദർ മോഡൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ് എആർഎം അൽ മാമുൻ പറഞ്ഞു.സമീപ ആഴ്ചകളിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

