വാഷിംഗ്ടൺ : 173 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ വിമാനത്തിൽ തീയും,പുകയും . ഡെൻവർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് തീയും,പുകയും കണ്ടത് . പ്രാദേശിക സമയം പുലർച്ചെ 2:45 നാണ് സംഭവം. ബോയിംഗ് 737 മാക്സ് 8 വിമാനമായ എഎ-3023, മിയാമിയിലേക്ക് പോകുന്നതിനിടെയാണ് അപകടം . യാത്ര റദ്ദാക്കി വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും ഒഴിപ്പിച്ചു.അപകടത്തിൽ ഒരാൾക്ക് മാത്രമേ നിസ്സാര പരിക്കേറ്റിട്ടുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
തീപിടുത്തത്തിന്റെ ദൃശ്യങ്ങളും വിമാനത്തിൽ നിന്ന് പുക ഉയരുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനം റൺവേയിലായിരിക്കെയാണ് തീപിടുത്തമുണ്ടായത്.
വിമാനത്താവള ജീവനക്കാരും ഡെൻവർ ഫയർ ഡിപ്പാർട്ട്മെന്റും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഡെൻവർ വിമാനത്താവള അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ലാൻഡിംഗ് ഗിയർ തകരാറിനെ തുടർന്നാണ് തീ പിടിച്ചതെന്നാണ് സൂചന .
പ്രാദേശിക സമയം പുലർച്ചെ 5:10 ഓടെ തീ അണച്ചതായി ഡെൻവർ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വിമാന തീപിടുത്തമാണിത്. കഴിഞ്ഞ മാർച്ചിൽ, ഡാളസിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനത്തിന് വിമാനത്താവളത്തിൽ വെച്ച് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 172 യാത്രക്കാരെയും ഒഴിപ്പിച്ചിരുന്നു.

