ഇസ്താംബുൾ : തുർക്കിയിലെ ഇസ്താംബുളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് പ്രാഥമിക വിവരം.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12: 49 നാണ് ഭൂചലനം ഉണ്ടായത് എന്നാണ് റിപ്പോർട്ട്.
തലസ്ഥാനമായ ഇസ്താംബുളിലെ മാർമര കടലിൽ 6.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി തുറസ്സായ സ്ഥലത്തേക്ക് മാറുകയായിരുന്നു.
നിലവിൽ നാശനഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിലും, പിന്നീട് അപകടങ്ങൾ ഉണ്ടായേക്കാവുന്ന തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും, ഇസ്താബുൾ വീണ്ടും ഭൂചലനത്തിന് ഒരുങ്ങിയിരിക്കണം എന്നുമുള്ള മുന്നറിയിപ്പും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. അതേസമയം, ഇസ്താംബുളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 53000 ആളുകളോളം മരിക്കുകയും വലിയ തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.