ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നില ഗുരുതരം . 80 കാരിയായ ഖാലിദ സിയക്ക് നെഞ്ചിൽ അണുബാധയുണ്ടെന്നും ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച, അവരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഖാലിദയുടെ അടുത്ത സഹായിയാണ് ഇക്കാര്യം അറിയിച്ചത്.
“ഇന്നലെ രാത്രി ഡോക്ടർമാർ അവരുടെ (ഖലീദ സിയ) ആരോഗ്യനില വളരെ ഗുരുതരമാണെന്ന് ഞങ്ങളെ അറിയിച്ചു,” ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ പറഞ്ഞു. പാർട്ടി പ്രസിഡന്റ് സുഖം പ്രാപിക്കുന്നതിനായി വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം ബിഎൻപി പ്രത്യേക പ്രാർത്ഥനകളും സംഘടിപ്പിച്ചു.
“ജനാധിപത്യത്തിന്റെ മാതാവ് ബീഗം ഖലീദ സിയ സുഖം പ്രാപിക്കുന്നതിനായി രാജ്യമെമ്പാടുമുള്ള ആളുകളോട് പ്രാർത്ഥിക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചു. അവർ ഉടൻ സുഖം പ്രാപിച്ച് ജനങ്ങൾക്കിടയിൽ തിരിച്ചെത്തുകയും രാജ്യത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്യട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു,” ആലംഗീർ പറഞ്ഞു.
അന്തരിച്ച ബംഗ്ലാദേശ് പ്രസിഡന്റ് സിയാവുർ റഹ്മാന്റെ ഭാര്യയാണ് ഖാലിദ സിയ. ബംഗ്ലാദേശ് പ്രധാനമന്ത്രിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഎൻപിയുടെ ആക്ടിംഗ് ചെയർപേഴ്സണായ താരിഖ് റഹ്മാൻ ഏക മകനാണ് . അദ്ദേഹം 2008 മുതൽ ലണ്ടനിലാണ്. രണ്ടാമത്തെ മകൻ അറഫാത്ത് റഹ്മാൻ 2025 ൽ ഹൃദയാഘാതം മൂലം മരിച്ചു.
2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിനെ അക്രമാസക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾ അട്ടിമറിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിന്റെ പരിവർത്തനാത്മക രാഷ്ട്രീയ രംഗത്ത് മുൻനിര പാർട്ടിയായി ബിഎൻപി ഉയർന്നുവന്നു. നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം ഈ വർഷം മെയ് 6 നാണ് സിയ ലണ്ടനിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയത്.

