ന്യൂഡല്‍ഹി: ഇന്ത്യൻ അതിർത്തിയ്ക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമിത ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് . ഇതിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി . ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ബയ്രക്തർ ടിബി2 ആളില്ലാ വിമാനങ്ങൾ വിന്യസിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൈന്യം പരിശോധിച്ചുവരികയാണ്. .
രഹസ്യാന്വേഷണം, നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നിവയ്ക്കായാണ് ഈ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിൻ്റെ പതനത്തിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചിരുന്നു.
ഹസീനയുടെ ഭരണകാലത്ത് അടിച്ചമർത്തപ്പെട്ട തീവ്രവാദ ഘടകങ്ങൾ ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വീണ്ടും കാലുറപ്പിക്കുകയാണെന്ന് ഇൻ്റലിജൻസും സൂചിപ്പിക്കുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് തീവ്രവാദ ഗ്രൂപ്പുകളും കള്ളക്കടത്ത് ശൃംഖലകളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയാണെന്നും റിപ്പോർട്ടുകളിൽ പരാമർശമുണ്ട്.
ബംഗ്ലാദേശിലെ അസ്വസ്ഥതകൾക്കിടയിൽ ഇന്ത്യന്‍ സായുധ സേന ഇതിനകം തന്നെ ജാഗ്രതയിലാണ്. പുതിയ ഡ്രോൺ വിന്യാസങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഹെറോൺ ടിപി പോലെയുള്ള ഡ്രോണുകൾ വിന്യസിക്കാനും സെൻസിറ്റീവ് മേഖലകളിൽ കൗണ്ടർ ഡ്രോൺ പ്രവർത്തനങ്ങൾ ശക്തമാക്കാനും സായുധ സേനയ്ക്ക് അവസരമുണ്ട്.