ധാക്ക : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വിധിച്ചു. വിധിയെത്തുടർന്ന്, യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഷെയ്ഖ് ഹസീന ചെയ്തുവെന്നാണ് കണ്ടെത്തൽ.
മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരെയും ട്രൈബ്യൂണൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പ്രതിഷേധങ്ങൾക്കിടെ നടന്ന കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ബലാത്സംഗങ്ങൾ, പീഡനങ്ങൾ എന്നിവയ്ക്ക് മൂവരും ഉത്തരവാദികളാണെന്ന് കോടതി പറഞ്ഞു.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഒരു ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. വിദ്യാർത്ഥി പ്രതിഷേധങ്ങളെത്തുടർന്ന്, കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹസീനയെ പുറത്താക്കുന്നതിന് മുമ്പ്, നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,500 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു.
വിദ്യാർത്ഥികൾ നയിച്ച സംവരണ വിരുദ്ധ പ്രതിഷേധങ്ങൾ ഒടുവിൽ ഹസീനയുടെ സർക്കാരിനെ താഴെയിറക്കി. അതേസമയം, അവാമി ലീഗ് പാർട്ടിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത തന്റെ ഓഡിയോ സന്ദേശത്തിൽ, സർക്കാരിനെതിരായ പോരാട്ടം തുടരാൻ ഹസീന തന്റെ അനുയായികളോട് അഭ്യർത്ഥിച്ചു. “ഭയപ്പെടാൻ ഒന്നുമില്ല. ഞാൻ ജീവിച്ചിരിപ്പുണ്ട്. ഈ രാജ്യത്തെ ജനങ്ങൾക്കൊപ്പം ഞാൻ നിൽക്കും,” അവർ പറഞ്ഞു.

