ഇസ്ലാമാബാദ് : അസിം മുനീറിനെ സിഡിഎഫായി നിയമിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്തപ്പോൾ തന്നെ , സൈന്യത്തിന് ഇനി പാകിസ്ഥാനിൽ സ്വതന്ത്രമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു . മുനീറിനെ സിഡിഎഫായി നിയമിച്ചതോടെ , ഈ അഭ്യൂഹങ്ങൾ യാഥാർത്ഥ്യമാകുകയും ചെയ്തു തോന്നുന്നു . അസിം മുനീർ സിഡിഎഫിന്റെ സ്ഥാനം ഏറ്റെടുത്തിട്ട് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഇപ്പോൾ ഷഹബാസ് ഷെരീഫ് സർക്കാരിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്താൻ സൈന്യം .
ദേശീയ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവയെ ദുർബലപ്പെടുത്തുന്ന ഒരു രാഷ്ട്രീയ താൽപ്പര്യങ്ങളെയും വെച്ചുപൊറുപ്പിക്കില്ലെന്ന് പാകിസ്ഥാൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. റാവൽപിണ്ടിയിലെ ജനറൽ ആസ്ഥാനത്ത് ( GHQ ) കരസേനാ മേധാവിയും പ്രതിരോധ സേനാ മേധാവിയുമായ (CDF) അസിം മുനീറിന്റെ അധ്യക്ഷതയിൽ നടന്ന 273-ാമത് കോർപ്സ് കമാൻഡർമാരുടെ സമ്മേളനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
നിലവിലെ ആഭ്യന്തര, ബാഹ്യ സുരക്ഷാ അന്തരീക്ഷം യോഗം സമഗ്രമായി അവലോകനം ചെയ്തതായും ഉയർന്നുവരുന്ന ഭീഷണികൾക്കും പ്രവർത്തന തയ്യാറെടുപ്പിനും പ്രത്യേക ഊന്നൽ നൽകിയതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ” ദേശീയ ഐക്യം , സുരക്ഷ , സ്ഥിരത എന്നിവയെ ദുർബലപ്പെടുത്തുന്ന ഒരു രാഷ്ട്രീയമോ മറ്റ് ദുരുദ്ദേശ്യപരമോ ആയ താൽപ്പര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും സായുധ സേനയ്ക്കും പാകിസ്ഥാൻ ജനതയ്ക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും പാക് സൈന്യം തീരുമാനിച്ചു , ” പ്രസ്താവനയിൽ പറയുന്നു .
ഈ മാസം ആദ്യം, ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ( ഐഎസ്പിആർ ) എന്ന സൈനിക മാധ്യമ യൂണിറ്റിന്റെ ഡയറക്ടർ ജനറലായ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി, ജയിലിലടയ്ക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മാധ്യമങ്ങളിലൂടെ സായുധ സേനയ്ക്കെതിരെ ആസൂത്രിത ആക്രമണം ആസൂത്രണം ചെയ്തതായി ആരോപിച്ചിരുന്നു . ഇമ്രാൻ ഖാനെ “മാനസിക രോഗി” എന്ന് വിശേഷിപ്പിച്ച അദ്ദേഹം അത്തരം പ്രവർത്തനങ്ങൾ ഇനി അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ കുറച്ചുകാലമായി പാകിസ്ഥാനിൽ അധികാരത്തിലുണ്ടെങ്കിലും, രാജ്യത്തിന്റെ രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും സൈന്യത്തിന്റെ സ്വാധീനം ഇപ്പോഴും ആഴത്തിൽ തുടരുന്നു എന്നതിനു ഉദാഹരണമാണിത്.

