സോൾ : ദക്ഷിണ കൊറിയയിൽ വിമാന അപകടത്തിൽ 179 പേർ മരിച്ചു . മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം തെന്നിമാറി സുരക്ഷാവേലിയിൽ ഇടിച്ചാണ് അപകടമുണ്ടായത് . 175 യാത്രക്കാർ അടക്കം 181 പേരുമായി തായ്ലാൻഡിൽ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്.
175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം. ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടമാണിത്.
ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്ക് പടിഞ്ഞാറൻ തീരദേശ വിമാനത്താവളമായ മുവാനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര് ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ടുപേര്‍ തായ്ലൻഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. പുറത്ത് വന്ന ദൃശ്യങ്ങളിൽ വിമാനം ഗിയറില്ലാതെ റൺ വേയിലൂടെ തെന്നി നീങ്ങുന്നതും, പൊട്ടിത്തെറിക്കുന്നതും കാണാം.