ചെന്നൈ: യുഎസിൽ മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് ഒളിച്ചോടിയ യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിലായി. യുഎസിലെ ഡാറ്റാ അനലിസ്റ്റായ നികിത ഗോഡിഷാല (27) കൊല്ലപ്പെട്ട കേസിൽ പ്രതിയായ അർജുൻ ശർമ്മ (26) ആണ് തമിഴ്നാട്ടിൽ അറസ്റ്റിലായത്.
ഇന്റർപോളിന്റെ സഹായത്തോടെയാണ് അർജുനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അർജുനെ ഉടൻ യുഎസിലേക്ക് കൈമാറും. നികിത കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് ഫെഡറൽ ഏജൻസികൾ അർജുനെ അന്വേഷിച്ചു വരികയായിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ച ശേഷം, വിവരങ്ങൾ ഇന്റർപോളുമായും ഇന്ത്യയിലെ അന്വേഷണ ഏജൻസികളുമായും പങ്കിട്ടിരുന്നു.
തുടർന്ന്, ഇന്ത്യയിലെയും യുഎസിലെയും അന്വേഷണ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനുശേഷം പ്രതിയെ തമിഴ്നാട്ടിൽ കണ്ടെത്തി. നികിതയെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 2 ന് അർജുൻ ഹൊവാർഡ് കൗണ്ടി പോലീസിൽ പരാതി നൽകിയിരുന്നു. പുതുവത്സര ദിനത്തിലാണ് നികിതയെ അവസാനമായി കണ്ടതെന്ന് അർജുൻ പറഞ്ഞു.
എന്നാൽ, പരാതി നൽകിയതിന്റെ പിറ്റേന്ന് അർജുൻ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നു. ഇത് സംശയം ജനിപ്പിച്ചു, തുടർന്ന് പോലീസ് മേരിലാൻഡ് ട്വിൻ ടവേഴ്സ് റോഡിലുള്ള അർജുന്റെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. ജനുവരി 3 ന് നടത്തിയ പരിശോധനയിൽ, കുത്തേറ്റ നിലയിൽ നികിതയുടെ മൃതദേഹം അപ്പാർട്ട്മെന്റിനുള്ളിൽ കണ്ടെത്തി.

