ബെംഗളൂരു : ഭർത്താവ് നൽകിയ പരാതിയ്ക്ക് പിന്നാലെ ഭാര്യയെ പള്ളിയിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജമീൽ അഹമ്മദിൻ്റെ ഭാര്യ ഷബീന ബാനുവിനെയാണ് ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഏപ്രിൽ ഏഴിന് ഷബീന ബാനുവിൻ്റെ ബന്ധുക്കളായ നസീറും ഫയാസും വീട്ടിലെത്തിയിരുന്നു.
ബന്ധുക്കളോ സുഹൃത്തുക്കളോ ഭാര്യയെ സന്ദർശിക്കുന്നത് ഇഷ്ടപ്പെടാത്ത ജമീൽ അഹമ്മദ് ഇതിനെ ചൊല്ലി പ്രകോപിതനായി. ജമീൽ ബംഗളൂരുവിലെ തവരെകെരെയിലെ ജുമാ മസ്ജിദിലെത്തി ഭാര്യയ്ക്കും യുവാക്കൾക്കും എതിരെ പരാതി നൽകി. പിന്നീട്, ഏപ്രിൽ 9 ന്, മൂന്ന് പേരെയും പള്ളിയിൽ നിന്ന് വിളിപ്പിച്ചു. പള്ളിയിലെത്തിയ ഷബീനയെ ആറ് പുരുഷന്മാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് കേസെടുത്തു. യുവതിയെ ആക്രമിച്ച സംഭവത്തിൽ മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പിർ (45), ദസ്തഗീർ (24), ചാന്ദ് ബാഷ (35), ടി.ആർ. റസൂൽ (42), ഇനായത്ത് ഉള്ള (51) എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, ആക്രമണം, വധശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.