ഇസ്ലാമാബാദ് : പാകിസ്ഥാനുമായി ചർച്ച നടത്താൻ ഇന്ത്യ തയ്യാറാകണമെന്ന് മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി മേധാവിയുമായ ബിലാവൽ ഭൂട്ടോ സർദാരി .
കശ്മീർ, സിന്ധു നദീജല കരാർ, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ സമഗ്രമായ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ . സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ പാകിസ്ഥാന് യുദ്ധം അല്ലാതെ മറ്റ് മാർഗമില്ലെന്നും ബിലാവൽ ഭൂട്ടോ സർദാരി മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾ സന്ദർശിക്കുന്ന പാർലമെന്ററി പ്രതിനിധി സംഘത്തെ നയിക്കുന്ന ബിലാവൽ നിലവിൽ ജർമ്മനിയിലാണ്.
‘ അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ ചർച്ചയ്ക്കായി കൊണ്ടുവരണം . കശ്മീർ പ്രശ്നം, ജലപ്രശ്നം, ഭീകരവാദം എന്നിവ പരിഹരിക്കുന്നതുൾപ്പെടെയുള്ള സമഗ്രമായ സംഭാഷണത്തിലൂടെ ദക്ഷിണേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കണം .
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും സമഗ്രമായ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ. ഇന്ത്യ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അത് അവരുടെ താൽപ്പര്യത്തിന് നിരക്കുന്നതല്ല .പാകിസ്ഥാന്റെ ജലവിതരണം നിർത്തലാക്കാനുള്ള ഇന്ത്യയുടെ ഏതൊരു ശ്രമവും നിലനിൽപ്പിന് തന്നെ ഭീഷണിയാകും. യുദ്ധമല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ല. പാകിസ്ഥാൻ സമാധാനത്തിനായി വാദിക്കുന്നത് തുടരും . എന്നാൽ ജലസുരക്ഷ പോലുള്ള വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.

