കണ്ണൂർ: കണ്ണൂരിൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർഎൽ നിതിൻ രാജ് (23) ആണ് മരിച്ചത് . സംഭവത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നിറം, ജാതി, സാമ്പത്തിക സ്ഥിതി എന്നിവയുടെ പേരിൽ നിതിൻ നിരന്തരം അധ്യാപകരിൽ നിന്ന് പീഡനം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇത് നിതിനെ മാനസികമായി തളർത്തിയതായി പറയപ്പെടുന്നു. നിതിൻ എച്ച്ഒഡിക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് ഫാക്കൽറ്റിയും മോശമായി പെരുമാറിയിരുന്നു . ഡോ. എം.കെ. റാം മകനോട് മോശമായി പെരുമാറിയെന്ന് നിതിന്റെ പിതാവ് ആരോപിച്ചു.
എന്നാൽ, ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.45 നാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്വീകരണ വിഭാഗത്തിനും കോളേജ് ലൈബ്രറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനും ഇടയിലുള്ള ഭാഗത്ത് നിതിൻ രാജ് കിടക്കുന്നത് കണ്ടത് വിദ്യാർത്ഥികളാണ് . ആശുപത്രിയിലെ അറ്റൻഡന്റ് ജീവനക്കാർ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2025 ബാച്ചിലെ വിദ്യാർത്ഥിയായ നിതിൻ രാജ് കഴിഞ്ഞ നവംബറിലാണ് കോളേജിൽ പ്രവേശനം നേടിയത് . തിരുവനന്തപുരം ചാലക്കാട് പുതുക്കുളങ്ങര പെയിൻ്റിങ് തൊഴിലാളിയായ വൈ എൽ രാജൻ്റെയും സി ആർ ലതയുടെയും മകനാണ് നിതിൻ രാജ്.

