ധർമ്മസ്ഥല: ധർമ്മസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന മരണങ്ങളുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, കർണാടകയിലെ ലോറി ഉടമയും തടി വ്യാപാരിയുമായ കോഴിക്കോട് സ്വദേശി മനാഫിനെതിരെ ഉഡുപ്പി പോലീസ് കേസെടുത്തു.
സോഷ്യൽ മീഡിയയിൽ അനാവശ്യ പോസ്റ്റുകൾ സൃഷ്ടിച്ച് മതവിദ്വേഷം വളർത്തുക, വ്യാജ രേഖകൾ ചമയ്ക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. തിങ്കളാഴ്ച ബെൽത്തങ്ങാടിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമയുടെ മുമ്പാകെ മനാഫ് ഹാജരാകാനാണ് സാധ്യത. യൂട്യൂബ് ചാനലിലൂടെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കാനും മനാഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ അന്വേഷണം വിപുലീകരിക്കാൻ എസ്ഐടി പദ്ധതിയിടുന്നുണ്ട് . അതിനു പിന്നാലെയാണ് മനാഫിനെ ചോദ്യം ചെയ്യുക.
എസ്ഐടിക്ക് മുന്നിൽ ഹാജരായി തെളിവ് നൽകുമെന്ന് മനാഫ് പറഞ്ഞു. സത്യം തെളിയിക്കാനുള്ള അവസരമായാണ് നോട്ടീസിനെ കാണുന്നത്. വാർത്തയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ലൈക്ക് ചെയ്തതിന് എനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. എന്റെ ജീവന് ഭീഷണിയുണ്ട്. ചിലർ മനഃപൂർവ്വം മതവിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്,’ മനാഫ് പറഞ്ഞു.
ധർമ്മസ്ഥലയിൽ 800 വർഷം പഴക്കമുള്ള ഒരു ജൈന കുടുംബം നടത്തുന്ന ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് എസ്ഐടി സംശയിക്കുന്നുണ്ട് . അതേസമയം, എസ്ഐടി കസ്റ്റഡിയിലുള്ള ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

