മഹാബൂബ്നഗർ ജില്ലയിലെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് 100 കോടിയുടെ അനധികൃത സ്വത്ത് .തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് മൂദ് കിഷന്റെ സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത് വന്നത്.
കിഷന്റെ പിടിച്ചെടുത്ത സ്വത്തുക്കളുടെ രേഖാമൂലമുള്ള മൂല്യം 12.72 കോടി രൂപയാണെങ്കിലും, യഥാർത്ഥ വിപണി മൂല്യം വളരെ കൂടുതലായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആസ്തികളുടെ വിപണി മൂല്യം 100 കോടി രൂപയിലധികമാണെന്ന് കണക്കാക്കുന്നു. 31 ഏക്കർ കൃഷിഭൂമിക്ക് മാത്രം 62 കോടി രൂപയുടെ വിപണി മൂല്യം ഉണ്ട്.
അദ്ദേഹത്തിന്റെ റാങ്കിലുള്ള ഉദ്യോഗസ്ഥന് 1 ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയാണ് പ്രതിമാസ ശമ്പളം. എന്നാൽ സാധാരണക്കാരനായിരുന്ന കിഷന്റെ ഇന്നത്തെ ആസ്തി 100 കോടിയ്ക്കും മേലെയാണ്. ലഹാരി ഇന്റർനാഷണൽ ഹോട്ടലിലെ 50 ശതമാനം ഓഹരിയും നിസാമാബാദിലെ 3,000 ചതുരശ്ര യാർഡ് പ്രീമിയം ഫർണിച്ചർ ഷോറൂം സ്ഥലവും ഇതിൽ ഉൾപ്പെടുന്നു.
സംഗറെഡ്ഡി ജില്ലയിൽ 31 ഏക്കർ കൃഷിഭൂമിയും നിസാമാബാദ് മുനിസിപ്പൽ പരിധിക്കുള്ളിൽ 10 ഏക്കർ ഭൂമിയും കിഷാനുണ്ട്. ലിക്വിഡ് ആസ്തികളും വാഹനങ്ങളും കണ്ടെത്തി. 1.37 കോടി രൂപയുടെ ബാങ്ക് ബാലൻസ് മരവിപ്പിച്ചു. 1 കിലോയിൽ കൂടുതൽ സ്വർണ്ണാഭരണങ്ങൾ, ഇന്നോവ ക്രിസ്റ്റ, ഹോണ്ട സിറ്റി എന്നിവയുൾപ്പെടെ നിരവധി ആഡംബര വാഹനങ്ങൾ എന്നിവയും അന്വേഷണ സംഘം കണ്ടെത്തി.
റെസിഡൻഷ്യൽ പ്രോപ്പർട്ടി വിഭാഗത്തിൽ, നിസാമാബാദിലെ അശോക ടൗൺഷിപ്പിൽ രണ്ട് ഫ്ലാറ്റുകളും സംഗറെഡ്ഡിയിൽ കൃഷിത്തോട്ടവും കിഷന് സ്വന്തമായുണ്ടെന്ന് പറയപ്പെടുന്നു.അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1)(b), 13(2) എന്നിവ പ്രകാരമാണ് കിഷനെതിരെ കേസെടുത്തിരിക്കുന്നത്.

