മധുര: തമിഴ്നാട് ഗവർണർ ആർ എൻ രവി സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ പറഞ്ഞത് വിവാദമാകുന്നു . മുഖ്യാതിഥിയായി പങ്കെടുത്ത്, രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെയും (ആർഎസ്എസ്) ഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട മതപരമായ മുദ്രാവാക്യം വിളിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടെന്നാണ് പരാതി.
ഗവർണറുടെ നടപടിയെ നിശിതമായി വിമർശിച്ച് കോൺഗ്രസ് എംഎൽഎ ജെഎംഎച്ച് ഹസ്സൻ മൗലാന രംഗത്തെത്തി . ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്ക് ഇത് യോഗ്യമല്ലെന്ന് ഹസ്സൻ മൗലാന പറഞ്ഞു. തമിഴ്നാട്ടിൽ ആർഎസ്എസ് വക്താവിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. പക്ഷപാതപരമായ പ്രചരണമാണ് അദ്ദേഹത്തിൻ്റെ നടപടികളിൽ പ്രതിഫലിക്കുന്നത്, ഇത് അദ്ദേഹത്തിൻ്റെ സ്ഥാനത്തുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല,” ഹസ്സൻ മൗലാന പറഞ്ഞു.
പരിപാടിയിൽ സ്ത്രീകൾക്കും ഹിന്ദു മതസമൂഹങ്ങൾക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഡിഎംകെയിലെ മുതിർന്ന നേതാവ് കെ പൊൻമുടിയെ ഗവർണർ രവി അപലപിച്ചു. വ്യക്തിയുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും, ശൈവമതത്തെയും വൈഷ്ണവത്തെയും കുറിച്ച് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയ മുൻ നേതാവ് എന്നാണ് അദ്ദേഹം പരാമർശിച്ചത്.