ന്യൂഡൽഹി : 2008 ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി . കീഴ്ക്കോടതികളിലെ നിയമയുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു . ഈ അപ്പീൽ ഹർജി തള്ളിയാണ് പുതിയ ഉത്തരവ്.
ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന നിയമപരമായ അവസരമായിരുന്നു ഇത്.ഡിസംബർ 16 ന്, യുഎസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗർ ഹർജി നിരസിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഡിസംബർ 23 ന് റാണയുടെ അഭിഭാഷകൻ ജോഷ്വ എൽ ഡ്രാറ്റൽ യുഎസ് സർക്കാരിന്റെ ശുപാർശയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ റിട്ട് അംഗീകരിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
2008 ൽ നടന്ന മുംബൈ ഭീകരാക്രമണങ്ങളില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. 2009ല്‍ യുഎസ് പോലീസ് അറസ്റ്റു ചെയ്ത റാണയെ 2011ല്‍ ഷിക്കാഗോ കോടതി ശിക്ഷിച്ചിരുന്നു. ജയിലില്‍ കിടന്നും കേസില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. പല കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ എല്ലാം തള്ളുകയായിരുന്നു. സെപ്തംബര്‍ 23ന് യുഎസ് സര്‍ക്യുട്ട് കോടതിയും റാണയുടെ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഇയാളെ ഭാരതത്തില്‍ എത്തിക്കാൻ ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചത്.