ലക്നൗ : മതം മാറാത്തതിന് പെൺകുട്ടിയെ ബ്ലേഡ് ഉപയോഗിച്ച് അക്രമിച്ച കേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മിർസാപൂർ കത്ര കോട്വാലി പ്രദേശത്തെ ഗണേഷ്ഗഞ്ചിലാണ് സംഭവം . ആക്രമണത്തിലെ മുഖ്യപ്രതിയായ അബ്ദുൾ എന്ന സെയ്ഫിനെ ഡിസംബർ 5 മുതൽ പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സെയ്ഫിന്റെ മൃതദേഹം ഗംഗാ നദിയിൽ നിന്ന് കണ്ടെത്തിയത്.
സെയ്ഫിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും ഉൾപ്പെടെ 14 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സെയ്ഫ് യുവതിയെ ആക്രമിക്കുകയായിരുന്നു. രാംബാഗ്, ഖുറേഷി നഗർ, പരിസര പ്രദേശങ്ങളിലെ നിരവധി പ്രദേശങ്ങളിൽ പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ രോഷാകുലരായ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി, സെയ്ഫിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.

