പത്താൻകോട്ട്: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ജമ്മു കശ്മീർ പൊലീസ് . വൈറ്റ് മെഡിക്കൽ കോളേജിൽ സർജനായി ജോലി ചെയ്തിരുന്ന ഡോ. റയീസ് അഹമ്മദ് ഭട്ടിനെയാണ് ഇന്നലെ രാത്രി അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത് . 45 കാരനായ റയീസ് അഹമ്മദ് 2020 മുതൽ 2021 വരെ ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി വൈറ്റ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നുണ്ടെന്ന് ആശുപത്രി മാനേജർ പറഞ്ഞു.
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ നബി അറസ്റ്റിലായ ഡോക്ടർ റയീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സൂചനകളുണ്ട് . ചോദ്യം ചെയ്യലിനായാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ജമ്മു കശ്മീരിലെ അനന്ത്നാഗിലുള്ള ബോണ ഡയൽഗാം സ്വദേശിയാണ് റയീസ് അഹമ്മദ് ഭട്ട്.
സംശയിക്കപ്പെടുന്ന ‘വൈറ്റ് കോളർ തീവ്രവാദ മൊഡ്യൂൾ’ അന്വേഷിക്കുന്ന ഏജൻസി, അൽ ഫലാഹ് സർവകലാശാലയിലെ നിലവിലെ ഡോക്ടർമാരെയും ജീവനക്കാരെയും മാത്രമല്ല, മുൻ ജീവനക്കാരെയും നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച, അന്വേഷണ സംഘം സർവകലാശാല കാമ്പസ് സന്ദർശിച്ച് അവിടെ മുമ്പ് ജോലി ചെയ്തിരുന്ന ഡോക്ടർമാരെയും ജീവനക്കാരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അവർ എന്തിനാണ് ജോലി ഉപേക്ഷിച്ചത്, എത്ര കാലം മുമ്പ് അവർ ജോലി ഉപേക്ഷിച്ചു, എവിടെയാണ് പോയത് തുടങ്ങിയ വിവരങ്ങൾ സംഘം ശേഖരിച്ചു. എല്ലാവരുടെയും പേര്, ഫോൺ നമ്പർ, താമസസ്ഥലം, സർവകലാശാലയിലെ സ്ഥാനം തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡോ. ഭട്ടിനെ കൂടാതെ, ഡോ. ഉമറിന് പരിചയമുള്ള അൽ-ഫലാഹ് സർവകലാശാലയിലെ മറ്റൊരു ഡോക്ടറെയും ഒരു എംബിബിഎസ് വിദ്യാർത്ഥിയെയും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു.ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

