ന്യൂഡൽഹി : ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മെയ് മാസത്തിലാണ് 1976 ലെ സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് . പാൽ ഉൽപാദനത്തിനും ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായാണ് ഗോവധം നിരോധിച്ചുകൊണ്ട് 1976 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് .
കോയമ്പത്തൂർ സ്വദേശി കെ സൂര്യാപ്രശാന്താണ് ഇത് സംബന്ധിച്ച് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ ഗോഹത്യ നിരോധിക്കണമെന്നായിരുന്നു ഹർജി. ഇതിന്റെ അടിസ്ഥാനത്തിൽ, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിജയ് സർക്കാരിനോട് ഗോവധം നിരോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ബലിപെരുന്നാളിന് പശുവിനെയോ, പശുക്കിടാവിനെയോ കശാപ്പ് ചെയ്യുന്നത് മതപരമായ ചടങ്ങല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.അറവുശാലകളിൽ കൃത്യമാന മാനദണ്ഡം പാലിച്ചല്ലാതെ ഒരു മൃഗത്തെയും കശാപ്പ് ചെയ്യാൻ പാടില്ല. ഭരണഘടനയിലെ 48-)0 അനുച്ഛേദമനുസരിച്ച് സംസ്ഥാനങ്ങൾക്ക് ഗോവധം അടക്കമുള്ളവ തടയാൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് വിജയ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

