ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ലോക നേതാക്കളുടെ പട്ടിക ഇറാൻ തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാനിയൻ പത്രമായ ‘ഹംഷഹ്രി’ ആണ് 13 നേതാക്കളുടെ ഫോട്ടോകൾ ഉൾപ്പെടെയുള്ള പട്ടിക പ്രസിദ്ധീകരിച്ചത്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലോണി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവർ പട്ടികയിൽ ഉൾപ്പെടുന്നു. ജയിൽ വസ്ത്രം ധരിച്ചുള്ള ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.
അതേസമയം ഈ പട്ടിക ഇറാൻ സർക്കാർ അംഗീകരിച്ചതാണോ എന്ന് വ്യക്തമല്ല. ഫെബ്രുവരി 28 ന് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് മുൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് . പുതിയ സുപ്രീം നേതാവായി ചുമതലയേറ്റ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനി, പിതാവിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ തിരിച്ചടിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകി. “ഞാൻ പുറത്താക്കപ്പെട്ടാലും പ്രതികാരം ചെയ്യും. കുറ്റവാളികൾ സ്വന്തം കിടക്കയിൽ സമാധാനപരമായ മരണം സ്വപ്നം കാണരുത്. നമ്മളെ ഒറ്റിക്കൊടുത്തവരുടെ പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്,” എന്നാണ് മൊജ്തബ ഖമേനി പറഞ്ഞത് . ഇതിന് പിന്നാലെയാണ് ഇറാനിയൻ പത്രം നേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

