ന്യൂഡൽഹി : ഇന്ത്യയിൽ ബംഗ്ലാദേശികൾക്കും താമസിക്കാൻ അവകാശമുണ്ടെന്ന വാദവുമായി മുൻ ആസൂത്രണ കമ്മീഷൻ അംഗം സയീദ ഹമീദിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു . ഇത്തരം പ്രസ്താവനകൾ “തെറ്റിദ്ധരിപ്പിക്കുന്നതാണ്” കിരൺ റിജിജു പറഞ്ഞു.ബംഗ്ലാദേശികളും “മനുഷ്യരാണ്” എന്നും “ഭൂമി വളരെ വലുതായതിനാൽ” ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശം ബംഗ്ലാദേശികൾക്ക് നിഷേധിക്കരുതെന്നുമാണ് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷൻ അംഗമായിരുന്ന സയീദ ഹമീദ് പറഞ്ഞത്.മറ്റ് ആക്ടിവിസ്റ്റുകളോടൊപ്പം അസം സന്ദർശിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന.
ഇതിന് മറുപടിയായി “മനുഷ്യത്വത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്നു. ഇത് നമ്മുടെ ഭൂമിയെയും സ്വത്വത്തെയും കുറിച്ചാണ്. ബംഗ്ലാദേശിലും പാകിസ്ഥാനിലും ന്യൂനപക്ഷ ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, സിഖുകാർ എന്നിവരെ എന്തിനാണ് പീഡിപ്പിക്കുന്നത്? സയീദ ഹമീദ് സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടുത്തയാളായിരിക്കാം, പക്ഷേ അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കരുത്.” എന്ന് കിരൺ റിജിജു പറഞ്ഞു.
സർക്കാർ ഭൂമികളിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിനുള്ള അസം സംസ്ഥാന സർക്കാരിന്റെ നടപടികൾക്കിടെയാണ് പുതിയ വിവാദം . പ്രശാന്ത് ഭൂഷൺ, ഹർഷ് മന്ദർ തുടങ്ങിയ ആക്ടിവിസ്റ്റുകളോടൊപ്പമാണ് സയീദ ഹമീദ് അസമിലെത്തിയത്.
“അവർ ബംഗ്ലാദേശികളാണെങ്കിൽ എന്താണ് തെറ്റ്? ബംഗ്ലാദേശികളും മനുഷ്യരാണ്. ഭൂമി വളരെ വലുതാണ്, ബംഗ്ലാദേശികൾക്കും ഇവിടെ ജീവിക്കാൻ കഴിയും. ആരുടെയും അവകാശങ്ങൾ നിഷേധിക്കരുത് “ എന്നും സയീദ ഹമീദ് പറഞ്ഞിരുന്നു. . സംസ്ഥാന സർക്കാർ പൗരന്മാരെ ബംഗ്ലാദേശിലേക്ക് തള്ളിവിടുകയും നിയമവിരുദ്ധമായി വീടുകൾ തകർക്കുകയും ചെയ്യുന്നുവെന്നാണ് പ്രശാന്ത് ഭൂഷൺ ആരോപിച്ചത്.
അതേസമയം കോൺഗ്രസിന്റെയും മറ്റ് ബുദ്ധിജീവികളുടെയും ഇടപെടൽ സംസ്ഥാനത്തിന്റെ സ്ഥിരതയെ ദുർബലപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ പറഞ്ഞു.

