ജബൽപൂർ: മെഡിക്കൽ കോളേജ് ഹോസ്റ്റലിന് സമീപം നായ്ക്കൾ തലയോട്ടിയുമായി കളിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജിന് സമീപമാണ് സംഭവം.
ഇത് മനുഷ്യന്റെ തലയോട്ടിയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രി ഡീൻ ഡോ. നവനീത് സക്സേന പറഞ്ഞു.
“തലയോട്ടിയെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്ക് കൃത്യമായി ഒന്നും പറയാൻ കഴിയില്ല. അത് ഒരു മനുഷ്യ തലയോട്ടി ആയിരിക്കാം, അടുത്തുള്ള തടാകത്തിൽ നിന്ന് എടുത്തതാകാം . അല്ലെങ്കിൽ വിദ്യാർത്ഥികൾ പഠിക്കാൻ വീട്ടിലേക്ക് കൊണ്ടുപോകുന്ന തലയോട്ടികളിൽ ഒന്നായിരിക്കാം,” അദ്ദേഹം പറഞ്ഞു. തലയോട്ടിയുടെ ഉറവിടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണത്തിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ബുധനാഴ്ച ഉദ്യോഗസ്ഥർ ആശുപത്രിയിൽ പോയെങ്കിലും വീഡിയോയിൽ കാണിച്ചിരിക്കുന്ന തലയോട്ടി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഗർഹ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി കെ ശർമ്മ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.