ആകാശത്ത് മിന്നിത്തെളിയുന്ന മത്താപ്പൂക്കളും , വർണങ്ങൾ വാരിവിതറുന്ന പൂത്തിരികളും ഒക്കെയുണ്ടെങ്കിലും ദീപാവലി ആഘോഷമാകാൻ പടക്കം കൂടിയേ തീരൂ . അത് തമിഴർക്കായാലും , മലയാളിയ്ക്കായാലും ഇനി കന്നഡക്കാർക്കായാലും . പടക്ക വിപണിയിൽ എന്നും താരം ശിവകാശി പടക്കങ്ങൾ തന്നെ . ഇക്കുറി 6000 കോടിയുടെ പടക്ക വിൽപ്പനയാണ് ശിവകാശിയിൽ ദീപാവാലിയോടനുബന്ധിച്ച് നടന്നത് . 1150 പടക്കശാലകളിലെ നാലു ലക്ഷത്തോളം തൊഴിലാളികളുടെ ശ്രമമാണിതിന് പിന്നിൽ . തമിഴ്നാട്ടിലെ പടക്ക നിർമ്മാതാക്കളുടെ സംഘടനയാണ് ഈ കണക്കുകൾ പുറത്ത് വിട്ടത് .
ദീപാവലിയ്ക്ക് ഒരു മാസം മുൻപേ ശിവകാശിയിൽ പടക്ക വിൽപ്പന ആരംഭിക്കും . ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നതിൽ 70 ശതമാനവും ശിവകാശിയിൽ നിന്നുള്ളവയാണ്. എന്നാൽ ഇത്തവണ ശിവകാശിയിൽ പടക്ക നിർമ്മാണം 30 ശതമാനത്തോളം കുറവായിരുന്നു . പടക്ക നിർമ്മാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രൈറ്റിന് സുപ്രീം കോടതി നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണം . വായുമലിനീകരണം ഉണ്ടാക്കുന്നതിൽ പടക്കനിർമ്മാണങ്ങളിലെ ബേരിയം നൈട്രേറ്റും ,അലൂമിനിയം പൗഡറും ഒരു പോലെ അപകടകാരികളാണെന്ന് കൗൺസിൽ ഓഫ് സയന്റിഫിക്ക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് തന്നെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
അതേസമയം ദീപാവലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നാലേകാൽ ലക്ഷം കോടിയുടെ വ്യാപാരം നടക്കുമെന്നാണ് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ നിഗമനം . അതിൽ നല്ലൊരു പങ്കും പടക്കനിർമ്മാണത്തിൽ നിന്നാണ് . അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹാർദ്ദമായ തരത്തിൽ പടക്ക നിർമ്മാണവുമായി ശിവകാശി മുന്നോട്ട് പോയാൽ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.