ചെന്നൈ: തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് മരണം. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ നിവാസ് , പ്ലസ് വൺ വിദ്യാർത്ഥിയായ ചാരുമതി എന്നിവരാണ് മരിച്ചത് . ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണ്.
കടലൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ശെമ്മൻകുപ്പത്തിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടം. ബസ് കടന്നുപോകുമ്പോൾ റെയിൽവേ ഗേറ്റ് അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ . അപകടത്തിന് ശേഷം നാട്ടുകാർ ഗേറ്റ് കീപ്പറെ അന്വേഷിച്ചപ്പോൾ അദ്ദേഹം ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഗേറ്റ് കീപ്പർ ഗേറ്റ് അടയ്ക്കാൻ പോയപ്പോൾ, തങ്ങളുടെ വാഹനം ഗേറ്റ് കടക്കാൻ അനുവദിക്കണമെന്ന് വാനിന്റെ ഡ്രൈവർ നിർബന്ധിച്ചുവെന്ന് റെയിൽവേയുടെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. ബസ് ഡ്രൈവറെ കുറ്റപ്പെടുത്തി റെയിൽവേ അധികൃതർ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഗേറ്റ് അടയ്ക്കാൻ വൈകിയതിന് കാരണം ബസ് ഡ്രൈവറുടെ നിർബന്ധമാണെന്നാണ് റെയിൽവേ അധികൃതർ പറയുന്നത് . സംഭവത്തെക്കുറിച്ച് സുരക്ഷ, ഓപ്പറേഷൻസ്, എഞ്ചിനീയറിംഗ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി അന്വേഷിക്കുന്നുണ്ടെന്ന് റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഗേറ്റ്കീപ്പറെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് അദ്ദേഹത്തെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം റെയിൽവേ പ്രഖ്യാപിച്ചു.

