ന്യൂഡൽഹി : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ . വിമാന ഇന്ധനത്തിൻ്റെ മൂല്യവർദ്ധിത നികുതി കുറച്ചതിന്റെ പേരിലാണ് അഭിനന്ദനം. അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഈ നടപടി വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസം നൽകുമെന്ന് കേന്ദ്രം വിലയിരുത്തി. തമിഴ്നാട്ടിൽ, ചെന്നൈയിലെ നികുതി നിരക്ക് 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായും, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ ഇത് ഒരു ശതമാനമായും കുറച്ചു.
ഇതിന് പിന്നാലെയാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കിഞ്ചരാപു രാം മോഹൻ നായിഡു, വിജയിയുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത് . “വിമാന ഇന്ധനത്തിൻ്റെ മൂല്യവർദ്ധിത നികുതി കുറയ്ക്കാനുള്ള തമിഴ്നാട് സർക്കാരിൻ്റെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. വ്യോമയാന മേഖലയ്ക്ക് ഇതൊരു നല്ല ചുവടുവെപ്പാണ്. ഇക്കാര്യത്തിൽ മുൻകൈ എടുത്ത മുഖ്യമന്ത്രി വിജയിക്ക് നന്ദി അറിയിക്കുന്നു. വിമാനയാത്ര കൂടുതൽ താങ്ങാനാവുന്നതാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. യാത്രക്കാരുടെ ക്ഷേമമായിരിക്കണം നമ്മുടെ പൊതുവായ മുൻഗണന,” രാം മോഹൻ നായിഡു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, 4,900 കോടി രൂപ ചെലവിൽ നിർമ്മിച്ച ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടവും, 13,000 കോടിയിലധികം രൂപയുടെ മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ എത്തിയിരുന്നു. അന്ന്, തമിഴ്നാടിൻ്റെ വികസനത്തിനായി വിജയിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം വിജയ് ബിജെപിയുമായി അടുക്കുകയാണോ എന്ന അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

