ശ്രീനഗർ: കാശ്മീരിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ നാഷണൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ ബിജെപി രംഗത്ത് . രാജ്യദ്രോഹത്തിന് തുല്യമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തിയതെന്നും പാകിസ്ഥാനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ബിജെപി ആരോപിച്ചു. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു.
ബാരാമുള്ളയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് ഫാറൂഖ് അബ്ദുള്ള വിവാദ പരാമർശങ്ങൾ നടത്തിയത്. കാശ്മീരികളോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ കശ്മീർ വിഷയം ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ നയതന്ത്ര നീക്കങ്ങൾ, കശ്മീരികളുടെ ശബ്ദം ലോകശ്രദ്ധയിലെത്തിക്കാൻ സഹായിക്കുന്നുണ്ടെന്നായിരുന്നു ഫാറൂഖ് അബ്ദുള്ള അവകാശപ്പെട്ടത്. മറ്റ് രാജ്യങ്ങളുടെ സമ്മർദ്ദം മൂലമാണ് ഇന്ത്യ മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീർ വിഷയം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പാകിസ്ഥാൻ വിവിധ രാജ്യങ്ങളോട് പറയുന്നുണ്ടെന്നും , പാകിസ്ഥാൻ കാശ്മീരികളെ സംരക്ഷിക്കുകയാണെന്നും, എന്നാൽ ഇന്ത്യയുടെ ഉദ്ദേശ്യശുദ്ധി ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു.
അബ്ദുള്ളയുടെ പരാമർശങ്ങൾ നിർഭാഗ്യകരവും അപലപനീയവുമാണെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ രവീന്ദർ റെയ്ന പറഞ്ഞു. കാശ്മീരികളെ കൊന്നൊടുക്കുന്ന പാകിസ്ഥാൻ എങ്ങനെയാണ് അവരുടെ സംരക്ഷകരാവുക . സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളായ കാശ്മീരികളെ പാകിസ്ഥാൻ കൊലപ്പെടുത്തുകയാണെന്നും റെയ്ന ആരോപിച്ചു.

