ന്യൂഡൽഹി : രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായാണ് രാഹുൽ പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ രാഹുൽ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ഫയൽ ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൂചിപ്പിക്കുന്നു. രാഹുലിന് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ, ആ സമയത്ത് അദ്ദേഹത്തിന് തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് നിലവിൽ 22 തിരഞ്ഞെടുപ്പ് ഹർജികൾ മാത്രമാണ് ഹൈക്കോടതിയിൽ പരിഗണനയിലുള്ളത്. നിയമങ്ങൾ അനുസരിച്ച്, വോട്ടർ പട്ടികയിലോ തിരഞ്ഞെടുപ്പിലോ പൊരുത്തക്കേട് ഉണ്ടായിട്ടുണ്ടെന്ന് ഏതെങ്കിലും പാർട്ടി സ്ഥാനാർത്ഥിക്ക് അപ്പീൽ നൽകാം, എന്നാൽ കോൺഗ്രസ് പാർട്ടി ഒരു അപ്പീൽ പോലും സമർപ്പിച്ചിട്ടില്ല.പോളിംഗ് സ്റ്റേഷനുകളിൽ കോൺഗ്രസ് പോളിംഗ് ഏജന്റുമാർ എന്താണ് ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു . ഒരു വോട്ടർ നേരത്തെ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ പോളിംഗ് ഏജന്റിന് വോട്ടറുടെ ഐഡന്റിറ്റിയെക്കുറിച്ച് സംശയമുണ്ടെങ്കിൽ, അവർ എതിർപ്പ് ഉന്നയിക്കണമായിരുന്നു.
ഒന്നിലധികം പേരുകൾ ഒഴിവാക്കുന്നതിനായി പരിഷ്കരണ വേളയിൽ കോൺഗ്രസ് ബിഎൽഎ എന്തുകൊണ്ട് എതിർപ്പ് ഉന്നയിച്ചില്ല? ഇവർ വ്യാജ വോട്ടർമാരാണെങ്കിൽ പോലും , അവർ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് എങ്ങനെ പറയാൻ കഴിയും എന്നും കമീഷൻ ചോദിച്ചു.
ആകെ 2 കോടി വോട്ടർമാരുള്ള ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടുവെനാണ് രാഹുൽ ആരോപിച്ചത് . ഇതിനർത്ഥം ഹരിയാനയിലെ എട്ട് വോട്ടർമാരിൽ ഒരാൾ വ്യാജനാണ് എന്നാണെന്നും രാഹുൽ പറഞ്ഞു.

