ന്യൂഡൽഹി : രാഹുൽ ഗാന്ധി വിദേശപര്യടനം നടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണെന്ന ഗുരുതര ആരോപണവുമായി സി ആർ പി എഫ്. രാഹുൽ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും സുരക്ഷയിൽ അശ്രദ്ധ കാണിച്ചുവെന്നും കാട്ടി സിആർപിഎഫിന്റെ സുരക്ഷാ വിഭാഗം മേധാവി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് നൽകി . കത്തിന്റെ പകർപ്പ് രാഹുലിനും കൈമാറിയിട്ടുണ്ട്.
സെപ്റ്റംബർ 10 ന് എഴുതിയ കത്തിൽ, രാഹുൽ ഗാന്ധി തന്റെ Z+ സുരക്ഷാ സംവിധാനത്തിൽ ASL (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈസൺ) കാറ്റഗറി സുരക്ഷ പാലിക്കുന്നില്ലെന്ന് CRPF VVIP സെക്യൂരിറ്റി വ്യക്തമാക്കിയിട്ടുണ്ട്. CRPF ന്റെ യെല്ലോ ബുക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ രാഹുൽ ഗാന്ധി പലതവണ ലംഘിച്ചുവെന്നാണ് ആരോപണം.
രാഹുൽ ഗാന്ധി വിദേശ പര്യടനത്തിന് പോകുന്നതിന് മുമ്പ് സിആർപിഎഫിന് ആവശ്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും പരാമർശിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ച്, ഇസഡ്+ വിഭാഗം സംരക്ഷിത വ്യക്തികൾ വിദേശ പര്യടനത്തിന് പോകുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും സുരക്ഷാ ഏജൻസികളെ ഔദ്യോഗികമായി അറിയിക്കണം, അതുവഴി അവരുടെ സുരക്ഷാ ക്രമീകരണങ്ങൾ പ്രാദേശിക ഏജൻസികളുമായി ഏകോപിപ്പിക്കാൻ കഴിയും.
എന്നാൽ കഴിഞ്ഞ 9 മാസത്തിനിടെ, സുരക്ഷാ പ്രോട്ടോക്കോൾ അവഗണിച്ച് രാഹുൽ ഗാന്ധി മലേഷ്യയിലടക്കം 6 തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഈ സന്ദർശനങ്ങളെക്കുറിച്ച് അദ്ദേഹം ഏജൻസികളെ മുൻകൂട്ടി അറിയിച്ചിരുന്നില്ല, അതിനാൽ സുരക്ഷാ ഏജൻസികൾക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു.
രാജ്യത്തെ ഏറ്റവും പ്രധാന വിവിഐപികളിൽ ഒരാളാണ് രാഹുൽ ഗാന്ധി എന്നും അതിനാൽ അദ്ദേഹത്തിന്റെ സുരക്ഷയിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അത് ദേശീയ പ്രാധാന്യമുള്ള കാര്യമാണെന്നും കത്തിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഭാവിയിൽ സുരക്ഷാ പ്രോട്ടോക്കോളുകളും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോടും രാഹുൽ ഗാന്ധിയോടും കത്തിൽ അഭ്യർത്ഥിച്ചു

