കന്യാകുമാരി: സ്കൂൾ പരിസരത്ത് വിദ്യാർത്ഥിനികൾ മദ്യപിക്കുന്ന വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി . തക്കല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം . സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥികൾ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. മദ്യത്തെക്കുറിച്ചും പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തെക്കുറിച്ചുമുള്ള സംഭാഷണങ്ങളും വീഡിയോയിൽ ഉണ്ട്. വീഡിയോ എന്തിനാണ് റെക്കോർഡ് ചെയ്യുന്നതെന്ന് വിദ്യാർത്ഥികളിൽ ഒരാൾ ചോദിക്കുന്നതും കേൾക്കാം.
സ്കൂളിൽ നടത്തിയ പ്രത്യേക കോച്ചിംഗ് ക്ലാസിന് ശേഷം ഓഗസ്റ്റ് 1 ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നീറ്റ്, ക്യൂഇഇടി, ജെഇഇ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾക്കുള്ള കോച്ചിംഗും സ്കൂൾ നടത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന്, കന്യാകുമാരി ജില്ലാ കളക്ടർ വിദ്യാഭ്യാസ വകുപ്പിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചു. ദൃശ്യങ്ങൾ എപ്പോൾ പകർത്തി, അതിൽ കാണുന്ന വ്യക്തികൾ സ്കൂളിലെ വിദ്യാർത്ഥികളാണോ, മദ്യം എങ്ങനെ സ്കൂൾ ക്യാമ്പസിൽ എത്തിച്ചു , സ്കൂൾ അധികൃതർക്ക് വീഴ്ചയുണ്ടായോ എന്നിവ അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.സ്കൂൾ പ്രിൻസിപ്പൽ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

