മലപ്പുറം ; തിരൂരങ്ങാടിയിൽ 14 കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബിയ്ക്ക് ഗുരുതര വീഴ്ച്ചയെന്ന് നാട്ടുകാർ . ലൈൻ കമ്പനികൾ താഴ്ന്ന് കിടക്കുന്നുവെന്ന് പല തവണ പരാതി നൽകിയിട്ടും അവഗണിച്ചുവെന്നാണ് പരാതി. നാലഞ്ച് വർഷം മുൻപും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു .
എന്നിട്ടും ഇന്നുവരെ നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കെ എസ് ഇ ബിയുടെ അനാസ്ഥായാണിപ്പോൾ 14 കാരന്റെ മരണത്തിനിടയാക്കിയിരിക്കുന്നതെന്നും , കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കടക്കം പരാതിയും നൽകിയിട്ടുണ്ട്.
തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന് ജുനൈദ് ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വീടിന് സമീപത്തെ വയലിലായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം വയലിൽ മീൻ പിടിക്കാൻ പോയ ജുനൈദ് വൈദ്യുതി പോസ്റ്റിൽ നിന്നും പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഫം ഹൈ വോൾട്ടേജ് ലൈനിൽ തട്ടി നിന്നതാണ് അപകടത്തിന് കാരണമായത്.
അതേസമയം വിഷയത്തിൽ മന്ത്രി സണ്ണി ജോസഫ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരൂരങ്ങാടി ഡെപ്യൂട്ടി സിഇയോട് മന്ത്രി ആവശ്യപ്പെട്ടു. ഒരു വർഷത്തിലധികമായി ഉപയോഗ ശൂന്യമായി കിടക്കുന്നതും അറ്റകുറ്റപ്പണി നടത്താത്തുമായ ലൈനുകൾ അഴിച്ചുമാറ്റുന്നതിൽ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും . പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും , ജുനൈദിന്റെ കുടുംബത്തിന് ബോർഡ് നഷ്ടപരിഹാരം നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

