ന്യൂഡൽഹി : ഹൈദരാബാദിൽ നടന്ന ഭാരത് സമ്മിറ്റിൽ പങ്കെടുത്ത ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യമുയർത്തിയതിനെതിരെ വിമർശനം ഉയരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശ രാഷ്ട്രീയ പ്രതിനിധികളെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവദിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
പാർട്ടി ഓഫ് സോഷ്യലിസ്റ്റ് സംഘടനയുടെ സെക്രട്ടറി ജനറലും, ഇറ്റാലിയൻ നേതാവുമായ ജിയാക്കോമോ ഫിലിബെക്ക് ‘ വോട്ട് ചോർ, ഗഡ്ഡി ചോഡ് ‘എന്ന മുദ്രാവാക്യം ഹൈദരാബാദിൽ വച്ച് ഉയർത്തിയത് . ഇത് കേട്ട് രാഹുൽ ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തിയ റാലിയിൽ രാഹുൽ ഉയർത്തിയ മുദ്രാവാക്യമാണിത് .
കോൺഗ്രസുമായി സഹകരിക്കുന്ന വിവിധ പാർട്ടികളുടെയും , പുരോഗമന ചിന്തകരുടെയും സംഗമമായാണ് സർക്കാർ ഈ ഉച്ചകോടി സംഘടിപ്പിച്ചത് . മഹാരാഷ്ട്രയിൽ നടന്ന റാലിയിൽ സംസാരിക്കവേ ആഭ്യന്തരമന്ത്രി അമിത് ഷാ രാഹുലിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ നിരാശയാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
‘ രാജ്യത്തിനകത്തും, വിദേശത്തും ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ വിളിച്ചു വരുത്തി രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് രാഹുൽ ശ്രമിച്ചതെന്നും ‘ അമിത് ഷാ പറഞ്ഞു . വിദേശയാത്രകൾ നടത്തുമ്പോൾ അന്താരാഷ്ട്ര വേദികളിൽ വെച്ച് രാഹുൽ ഗാന്ധി ഇന്ത്യയെ അപകീർത്തിപ്പെടുത്താറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യാ വിരുദ്ധ ഉച്ചകോടിയെന്നാണ് ഭാരത് സമ്മിറ്റിനെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ വിശേഷിപ്പിച്ചത്. മുൻപ് ഇറ്റാലിയൻ വനിതയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ ശ്രമിച്ചത് പോലെ ഇപ്പോൾ ഇറ്റാലിയൻ രാഷ്ട്രീയ നേതാവിനെ ഇന്ത്യയുടെ കാര്യങ്ങളിൽ സംസാരിക്കാൻ കൊണ്ടുവരുന്നുവെന്നും സഞ്ജയ് കുമാർ ആരോപിച്ചു.
ഇന്ത്യയെ ഇന്ത്യൻ മണ്ണിലെത്തി ഇറ്റലിക്കാരൻ അപമാനിക്കുമ്പോൾ ആരാണ് ചിരിക്കുകയെന്നായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ചോദ്യം . മുൻപ് വിദേശത്ത് വച്ച് രാഹുൽ പല തവണ ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങളും കിരൺ റിജിജു ചൂണ്ടിക്കാട്ടി.

